ലോക രാഷ്ട്രീയത്തില്‍ ഇടപെടുന്ന അമേരിക്കയുടെ കാലം കഴിഞ്ഞു: ഇറാൻ വിദേശകാര്യ മന്ത്രി

single-img
12 July 2019

അമേരിക്കക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി ഇറാന്‍ വിദേശമന്ത്രി ജവാദ് സരീഫ്. ലോക രാഷ്ട്രീയത്തില്‍ ഇടപെടുന്ന അമേരിക്കയുടെ സ്ഥാനം കഴിഞ്ഞുവെന്ന് ജവാദ് സരീഫ് പറഞ്ഞു. ഇന്ന് ടെഹ്റാനില്‍ നടന്ന ഇറാന്‍ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് ജവാദ് സരീഫ് അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്.

ഇറാനുള്ള ആണവശേഷികള്‍ക്കെതിരെ എല്ലാവര്‍ക്കും യോജിച്ച ഒരു തീരുമാനമെടുക്കാന്‍ അമേരിക്കക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. അതുകൊണ്ടു തന്നെ ലോക രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്ഥാനം കഴിഞ്ഞെന്നും ഇറാന്‍ ആഭ്യന്തരമന്ത്രി ജവാദ് സരീഫ് പറഞ്ഞു. അന്താരാഷ്‌ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അടിയന്തരയോഗത്തില്‍ ഇറാനെതിരെ ഒരു വരി പോലും എഴുതാന്‍ അമേരിക്കക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം ബ്രിട്ടന്‍ തടഞ്ഞ് വെച്ച ഇറാന്റെ എണ്ണക്കപ്പലിലെ ക്യാപ്റ്റനെ ജിബ്രാള്‍ട്ടര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തടഞ്ഞുവെക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബ്രിട്ടന്‍ ‍ ഇന്നലെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇറാന്‍ സര്‍ക്കാറും റവല്യൂഷണറി ഗാര്‍ഡും ആരോപണം തള്ളിയിരുന്നു.