കൊച്ചിയിൽ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് ചതുപ്പിൽ താഴ്ത്തി: വഴിതെറ്റിക്കാൻ ‘ദൃശ്യം’ മോഡൽ തന്ത്രം

single-img
11 July 2019

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തി. കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകൻ അർജുനാണ് കൊല്ലപ്പെട്ടത്.
നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

പ്രതികൾ  ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്നാണ് സൂചന. പ്രതികളിൽ ഒരാള‍ുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു. അർജുന് സാരമായി പരുക്കേറ്റിരുന്നു. അർജുൻ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അർജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു.

സംഭവ ദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് അർജുനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.   

കൊലയ്ക്കു ശേഷം പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ അർജുന്റെ ഫോൺ ലോറിയിൽ കയറ്റി വിട്ടതായി പനങ്ങാട് പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.

സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയതായി അർജുന്റെ പിതാവ് വിദ്യൻ ആരോപിച്ചു. രണ്ടാം തിയതി മുതൽ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായി അന്വേഷിച്ചില്ല. ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ പൊലീസ് പറഞ്ഞതായും വിദ്യൻ ആരോപിക്കുന്നു.

പ്രതികളെന്ന് സംശയിക്കുന്നവർ തങ്ങളുടെ അടുത്തുണ്ടെന്നും ചോദ്യം ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്ന് പറഞ്ഞ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചപ്പോൾ സ്റ്റേഷനിൽ എത്തിക്കാനായിരുന്നു മറുപടി. ഏറെ നേരത്തിനു ശേഷമെത്തിയ പൊലീസുകാർ പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടു പോയെങ്കിലും ചോദ്യം ചെയ്തതിനു ശേഷം അന്ന് വൈകുന്നേരത്തോടെ വിട്ടയച്ചതായും നാട്ടുകാർ ആരോപിക്കുന്നു.