ഗുജറാത്തില്‍ നിന്നും കേരളം രണ്ട് സിംഹങ്ങളെ വാങ്ങും; പകരം നല്‍കുന്നത് രണ്ട് മലയണ്ണാന്മാരെ • ഇ വാർത്ത | evartha
Featured, Kerala

ഗുജറാത്തില്‍ നിന്നും കേരളം രണ്ട് സിംഹങ്ങളെ വാങ്ങും; പകരം നല്‍കുന്നത് രണ്ട് മലയണ്ണാന്മാരെ

കേരളം ഗുജറാത്തില്‍ നിന്നും രണ്ട് സിംഹങ്ങളെ വാങ്ങും.തിരുവനന്തപുരം നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലാണ് കേരളം സിംഹങ്ങളെ വാങ്ങുന്നത്. ഇതിനായുള്ള അനുമതി സൂ അതോറിറ്റി ഇന്ത്യ നല്‍കി. സിംഹങ്ങൾക്ക് പകരമായി കേരളം നല്‍കുന്നത് രണ്ട് മലയണ്ണാന്മാരെ ആണ്.

ഗുജറാത്തിലെ സക്കര്‍ബര്‍ഗ് മൃഗശാലയില്‍നിന്നുമാണ് കേരളം സിംഹങ്ങളെ വാങ്ങുന്നത്. 1984 കാലഘട്ടത്തിൽ നാല് സിംഹങ്ങളുമായാണ് സിംഹ സഫാരി പാര്‍ക്ക് നെയ്യാറിലെ മരക്കുന്നം ദ്വീപില്‍ ആരംഭിക്കുന്നത്. പിന്നീട് ഇവിടെ സിംഹങ്ങള്‍ പെറ്റുപെരുകി. 17 എണ്ണം വരെയായപ്പോള്‍ ഇവയെ പോറ്റാനുള്ള ചെലവും കൂടിയതിനെ തുടര്‍ന്ന് സിംഹങ്ങളുടെ വംശവര്‍ധന തടയുക എന്ന തീരുമാനം മൃഗശാല അധികൃതര്‍ എടുത്തു. അതിനായി ആണ്‍ സിംഹങ്ങളെ വന്ധ്യംകരിച്ചു.

പിന്നീടുള്ള കാലയളവിൽ സിംഹങ്ങള്‍ ഒന്നൊന്നായി ചത്തു. ഇപ്പോൾ ഒരു പെണ്‍ സിംഹം മാത്രമാണ് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലുളളത്. ഇഇതിനാകട്ടെ 17 വയസ് പ്രായമുണ്ട്. സിംഹങ്ങൾക്കുള്ള ശരാശരി ആയുസ് 17 വയസാണ്. അപൂർവമായി 19 വയസുവരെ ജീവിച്ച രണ്ട് സിംഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ചത്തു.

ഈ സാഹചര്യത്തിലാണ് പുതിയ സിംഹങ്ങളെ എത്തിക്കാനുള്ള നടപടി ആരംഭിച്ചത്. സംസ്ഥാനത്തെ തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് സക്കര്‍ബര്‍ഗ് മൃഗശാലയില്‍ നിന്ന് മൂന്ന് സിംഹങ്ങളെ എത്തിക്കാന്‍ തീരുമാനമുണ്ടായിട്ട് വര്‍ഷങ്ങളായി. പകരമായി അവർ ആവശ്യപ്പെട്ടിരുന്നത് രണ്ട് മലയണ്ണാന്മാരെയാണ്. ഇതിനുള്ള നടപടികളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

കേരളത്തിൽ നിന്നും മലയണ്ണാനുമായി വനംവകുപ്പ് സംഘം ഉടന്‍ ഗുജറാത്തിലേക്ക് തിരിക്കും. സംസ്ഥാനത്തെ പശ്ചിമഘട്ട വനങ്ങളില്‍ കണ്ടുവരുന്ന അണ്ണാന്റെ വര്‍ഗത്തില്‍ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാന്‍. പൂര്‍ണസമയവും കാടുകളില്‍ മാത്രം ജീവിക്കുന്ന മലയണ്ണാന്‍ പകല്‍ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്.