ബന്ധു നിയമനം; മന്ത്രി കെടി ജലീലിനെതിരെ നൽകിയ കേസ് പികെ ഫിറോസ് പിൻവലിച്ചു • ഇ വാർത്ത | evartha
Kerala

ബന്ധു നിയമനം; മന്ത്രി കെടി ജലീലിനെതിരെ നൽകിയ കേസ് പികെ ഫിറോസ് പിൻവലിച്ചു

മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. മന്ത്രിക്കെതിരെ പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേപോലെ ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം:

മന്ത്രി കെടി ജലീൽ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലൻസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താത്ത സർക്കാർ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നൽകിയിട്ടുണ്ട്.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണത്തിനായി സർക്കാറിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നു. യഥാർത്ഥത്തിൽ സർക്കാറിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ല. എന്നാൽ കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷൻ 17A പ്രകാരം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഗവർണർക്കും ഇപ്പോൾ ഹരജി നൽകിയിട്ടുണ്ട്.

ഈ ഹരജിയിൽ തീരുമാനമാകുന്നത് വരെ കോടതിയിൽ ഇപ്പോൾ നൽകിയ ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബഹു. ഹൈക്കോടതിയിലുള്ള കേസ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണ്.

സർക്കാർ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളുടെ താൽപ്പര്യമാണ്. യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ല. പക്ഷേ പഠിച്ചിട്ടും പരീക്ഷ പാസായിട്ടും തൊഴില് കിട്ടാതെ പോകുന്ന ചെറുപ്പക്കാരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിനായി നമ്മളിനിയും മുന്നോട്ടു പോയേ തീരൂ…