ന്യൂസിലാന്‍ഡിനെതിരെ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

single-img
11 July 2019

ലോകകപ്പ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനലില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു. ക്രിക്കറ്റ് ആരാധകനും കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയുമായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്ച മരിച്ചത്.

ഇദ്ദേഹം തന്റെ ഫോണില്‍ ഇന്ത്യാ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ പതന ശേഷം ധോണി പുറത്തായത് കണ്ട് അലറിവിളിച്ച് ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു.

തുടര്‍ന്ന് ബോധരഹിതനായി നിലത്തുവീണുകിടന്ന ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിന് അടുത്തെത്തെത്തിച്ചശേഷമാണ് ധോണി പുറത്തായത്. മധ്യനിരയിലെ ധോണി-ജഡേജ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യയയുടെ പോരാട്ടം സെമിയില്‍ അവസാനിക്കുകയും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയുമായിരുന്നു.