കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജ്യത്തെ തകര്‍ക്കാൻ ബിജെപി ശ്രമിക്കുന്നു: മായാവതി

single-img
11 July 2019

കര്‍ണാടകയിലുണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി പണവും അധികാരവും ഉപയോഗിച്ച് കര്‍ണാടകയിലെയും ഗോവയിലെയും എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും മായാവതി പറഞ്ഞു.

ബിജെപിയുടെ ശ്രമം രാജ്യത്തെ തകര്‍ക്കാനാണ്. രാഷ്ട്രീയത്തിൽ അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം തന്നെ ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മായാവതി പറഞ്ഞു. തങ്ങളുടെ പക്കലുള്ള പണവും അധികാരം ദുരുപയോഗം ചെയ്തും ഇവിഎം തട്ടിപ്പ് വഴിയുമാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.

2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വികളെ മറികടക്കാന്‍ വേണ്ടി ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ പുറത്താക്കാനുള്ള തരംതാഴ്ന്ന നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും മായാവതി ആരോപിച്ചു.
ഇപ്പോഴും കര്‍ണാടകയില്‍ ഭരണപ്രതിസന്ധി രൂക്ഷമാണ്. നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എംഎല്‍എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാൻ ഓരോ ദിവസം ഓരോ എംഎല്‍എമാരെയുമായി കണ്ട് ചര്‍ച്ച നടത്താനായിരുന്നു സ്പീക്കറുടെ തീരുമാനം.പക്ഷെ ഇന്ന് ആറു മണിക്കു തന്നെ എല്ലാ എംഎല്‍എമാര്‍ക്കും ഒരുമിച്ച് സ്പീക്കറെ കാണാനുള്ള അവസരമൊരുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ചു എംഎല്‍എമാര്‍ മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചു. തങ്ങളെ ഒരുമിച്ചു കാണാന്‍ സ്പീക്കര്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ചായിരുന്നു എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്.