അറ്റന്‍ഡന്‍സ് ഉറപ്പാക്കാനായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെൽഫിയെടുക്കണം; അധ്യാപകര്‍ക്ക് നിർദ്ദേശവുമായി യുപി സർക്കാർ

single-img
10 July 2019

യുപിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് ഉറപ്പുവരുത്താന്‍ സെല്‍ഫിയെടുത്ത് അയക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം. യുപിയിൽ ബരബങ്കി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതിനായി രാവിലെ 8 മണിക്കകം ക്ലാസ്മുറിക്ക് മുമ്പില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സെല്‍ഫിയെടുക്കണമെന്നും ചിത്രം ബേസിക് ശിക്ഷാ അധികാരി(ബി എസ് എ) വെബ്പേജില്‍ പോസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം. ഉത്തരവ് അനുസരിച്ചു വെബ് പേജില്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഫോട്ടോ അപ്‍ലോഡ് ചെയ്യാത്ത അധ്യാപകരുടെ ഒരു ദിവസത്തെ ശമ്പളം റദ്ദാക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വേനലവധിക്ക് സ്കൂള്‍ അടയ്ക്കുന്നതിന് മുമ്പ് മെയിലാണ് ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 700 അധ്യാപകര്‍ക്കാണ് ഒരു ദിവസത്തെ ശമ്പളം നഷ്ടമായത്.