നാഗ്പൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍ എസ് എസ് ചരിത്രം പഠനവിഷയമാക്കുന്നു; ഇന്ത്യൻ സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യം

single-img
10 July 2019

രാജ്യത്തെ സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായി നാഗ്പൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍ എസ് എസിന്‍ററെ ചരിത്രം പഠനവിഷയമാക്കാന്‍ തീരുമാനം. ഡിഗ്രി കോഴ്സിന്‍റെ ഭാഗമായുള്ള ചരിത്ര പുസ്തകത്തിലാണ് ആര്‍ എസ് എസ് ചരിത്രവും ഉള്‍പ്പെടുത്തുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പ് രാഷ്ട്രനിര്‍മ്മിതിയില്‍ ആര്‍ എസ് എസ് വഹിച്ച പങ്ക് പാഠ്യപദ്ധതിയില്‍ ചേര്‍ക്കും. സർവകലാശാല രണ്ടാം വര്‍ഷ ബി എ കോഴ്സുകളുടെ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ ചരിത്രം എന്ന ഭാഗത്താണ് ആര്‍ എസ് എസ് ചരിത്രം ഉള്‍പ്പെടുത്തുന്നത്. പുസ്തകത്തിലെ ആദ്യ ഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
എന്നാൽ പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തില്‍ സ്വാതന്ത്യസമരവും നിസ്സഹകരണ പ്രസ്ഥാനവും വിശദീകരിക്കുമ്പോള്‍ മൂന്നാം ഭാഗത്തിലാണ് ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ ആര്‍ എസ് എസിനുള്ള പങ്ക് വിശദമാക്കുന്നത്.

ഡിഗ്രി ബി എ കോഴ്സിന്‍റെ ചരിത്രപുസ്തകത്തിലെ ഒരു ഭാഗത്തില്‍ മാത്രമാണ് ആര്‍ എസ് എസ് ചരിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ച 1947-നു ശേഷമുള്ള സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ആര്‍ എസ് എസിനുള്ള പങ്കിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നില്ല.

തങ്ങൾ നാഗപൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധമില്ലെന്നും ആര്‍ എസ് എസ് വ്യക്തമാക്കി. ഇതുപോലെ ഒരു ആവശ്യം ഉന്നയിക്കുന്നത് തങ്ങളുടെ ധാര്‍മ്മികതയ്ക്കും നയങ്ങള്‍ക്കും എതിരാണെന്ന് ആര്‍ എസ് എസിന്‍റെ ദില്ലി യൂണിറ്റ് മീഡിയ കണ്‍വീനര്‍ രാജിവ് തുല്ലി ‘ദ പ്രിന്‍റി’നോട് പറഞ്ഞു. സംഘടനയുടെ തത്വങ്ങളും മൂല്യങ്ങളും സ്കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കാനാകില്ലെന്നും ആളുകളെ സന്‍മാര്‍ഗം പഠിപ്പിച്ച് കുറ്റകൃത്യങ്ങളില്ലാത്ത ലോകം സ്വപ്നം കാണുന്നത് പോലെയാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു എന്നിവരടക്കം നിരവധി പ്രമുഖര്‍ നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഏകദേശം 600 കോളേജുകളാണ് നാഗ്പൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളത്.