രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയില്‍

single-img
10 July 2019

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍. വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസായി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കേസ് നല്‍കാനുള്ള അവസാന ദിവാമാണ് സരിത കോടതിയില്‍ എത്തിയത്.

രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിച്ച എറണാകുളത്തും സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷിക്കപ്പെട്ടത് റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു.

അതേസമയം തന്നെ രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായിരുന്ന അമേഠിയില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു. രാഹുലിനെതിരെ മുളക് ചിഹ്നത്തില്‍ മത്സരിച്ച സരിതയ്ക്ക് 206 വോട്ടാണ് ലഭിച്ചത്. അതേസമയം വയനാടിന് പുറമെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകളും മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

കൊല്ലം മണ്ഡലത്തില്‍നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.എന്‍. ബാലഗോപാലാണ് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള തെരഞ്ഞെടുപ്പ് അഴിമതികള്‍ സ്ഥാനാര്‍ഥിയും മുഖ്യ ഏജന്റും യു.ഡി.എഫ് പ്രവര്‍ത്തകരും നടത്തിയെന്നാണ് ആരോപണം.

ഇടുക്കി മണ്ഡലത്തില്‍നിന്ന് യു.ഡി.എഫിലെ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് വോട്ടറായ റോമിയോ സെബാസ്റ്റിയനാണ് ഹര്‍ജി നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പരമാവധി 70 ലക്ഷം രൂപ ചെലവാക്കാനാണ് അനുമതിയെങ്കിലും ഡീന്‍ ഒരു കോടിയലധികം രൂപ ചെലവഴിച്ചു. എന്നാല്‍, 50.65 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് അഴിമതിയായിക്കണ്ട് വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.

പത്തനംതിട്ടയിലെ ആന്‍േറാ ആന്റണിയുടെ വിജയം ചോദ്യം ചെയ്ത് അനന്തഗോപനാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ നല്‍കാനുള്ള അവസാന തീയതി തിങ്കളാഴ്ചയായിരുന്നു. ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം ഹരജികള്‍ നല്‍കണമെന്നാണ് ചട്ടം.