ആയുധ നിര്‍മാണ കമ്പനികളുടെ ഫയറിങ് റേഞ്ചുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നു നൽകാൻ കേന്ദ്രസർക്കാർ

single-img
10 July 2019

രാജ്യത്താദ്യമായി രണ്ട് സര്‍ക്കാര്‍ ആയുധ നിര്‍മാണ കമ്പനികളുടെ ഫയറിങ് റേഞ്ചുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ തുറന്നു നൽകുന്നു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറിയുടേയും പശ്ചിമ ബംഗാളിലെ ഇഷാപുരിലുള്ള റൈഫില്‍ ഫാക്ടറിയുടേയും ഫയറിങ് റേഞ്ചുകളാണ് സ്വകാര്യമേഖലക്ക് തുറന്നു കൊടുക്കുന്നത്.

രാജ്യത്ത് ചെറുകിട ആയുധങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ട്രിച്ചിയിലുള്ളത്. രാജ്യത്ത് ആകെ 60 ഫയറിങ് റേഞ്ചുകളാണ് ഇപ്പോഴുള്ളത്. അതിനു പുറമെ 2018 ല്‍ 17 റേഞ്ചുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭാവിയിൽ പ്രതിരോധ മേഖലക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിര്‍മിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്.

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ നയംമാറ്റമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു. സർക്കാർ നിർദ്ദേശം അനുസരിച്ചു സ്വകാര്യ കമ്പനികളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പോകുകയാണെന്ന് ഇഷാപുര്‍ റൈഫിള്‍ ഫാക്ടറി അധികൃതര്‍ അറിയിച്ചു. പ്രധാനമായും ടിയര്‍ ഗ്യാസ് ഗണ്‍, പമ്പ് ആക്ഷന്‍ ഗണ്‍, റൈഫിളുകള്‍, പിസ്റ്റളുകള്‍ തുടങ്ങിയവ ഇവിടെയാണ് പരീക്ഷിക്കുന്നത്.