ഇന്ത്യൻ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു; ലോകകപ്പ് ഫെെനലിലെത്തുന്ന ആദ്യ ടീമായി കിവീസ്

single-img
10 July 2019

ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി. ഇന്ന് നടന്ന ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ആധികാരിക വിജയവുമായി ന്യൂസിലന്‍ഡ് ഫെെനലിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്മുന്നേറിയ ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. കളിയുടെ തുടക്കം തന്നെ ടൂര്‍ണമെന്‍റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ വീഴ്ത്തി കിവികള്‍ തിരിച്ചടി തുടങ്ങി.

മുൻനിര വീണതോടെ രവീന്ദ്ര ജഡേജ – എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചു. ഒരു സൈഡിൽ ധോണി വിക്കറ്റ് കാത്തു സൂക്ഷിച്ച് പിടിച്ച് നിന്നപ്പോള്‍ ജഡേജ ആക്രമണം ഏറ്റെടുത്തു. ഈ സമയം ഇന്ത്യ ജയിക്കുമെന്ന തോന്നലുണ്ടായി. അര്‍ധ സെഞ്ചുറി നേടി ജഡേജ -ധോണി കൂട്ടുകെട്ട് നൂറ് റണ്‍സ് കൂട്ടുകെട്ടും കടന്ന് മുന്നേറിയെങ്കിലും ധോണിക്ക് ബൗണ്ടറികള്‍ കണ്ടെത്താനാകാതെ പോയ സമ്മര്‍ദത്തില്‍ വമ്പനടിക്ക് ശ്രമിച്ച ജഡേജയ്ക്ക് പിഴച്ചു. 59 പന്തില്‍ നിന്നായി 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്ത്.

അവസാന നിമിഷങ്ങളിൽ സിക്സ് അടിച്ച് പ്രതീക്ഷ വര്‍ധിപ്പിച്ച ധോണി 48-ാം ഓവറില്‍ അനാവശ്യ റണ്ണിന് വേണ്ടി ഓടി റണ്‍ഔട്ടായതോടെ കിവികള്‍ വിജയം ഉറപ്പിച്ചു. 72 പന്തില്‍ നിന്നായി 50 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.