`കാരുണ്യ പദ്ധതി’ ദുര്‍വ്യാഖ്യാനത്തില്‍ മനോരമ നടത്തിയത് പതിവ് നേരമ്പോക്ക്: മന്ത്രി തോമസ് ഐസക്

single-img
10 July 2019

സംസ്ഥാന സർക്കാരിന്റെ ചികിത്സാ പദ്ധതിയായ കാരുണ്യ പദ്ധതിയെ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. സംസ്ഥാന ആരോഗ്യമന്ത്രിയും താനും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞുവെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്.

സഭയില്‍ നടന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം നടത്തിയ ലേഖകന്റെ ശ്രദ്ധയ്ക്കായി സഭാരേഖകളില്‍ നിന്നുളള മറുപടിയുടെ പ്രസക്ത ഭാഗങ്ങളും ധനമന്ത്രി എഫ്ബിയില്‍ കുറിച്ചിട്ടുണ്ട്. നിലവിൽ കാരുണ്യ പദ്ധതി വഴി ആനുകൂല്യം കിട്ടിക്കൊണ്ടിരുന്ന ഒരാള്‍ക്കുപോലും പുതിയ സംവിധാനത്തില്‍ അത് നിഷേധിക്കപ്പെടില്ലെന്നും തോമസ് ഐസക് ഉറപ്പു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമായ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതിലേറ്റവും പരിഹാസ്യമാണ് ഇന്നത്തെ മനോരമ പ്രസിദ്ധീകരിച്ച ‘3 ലക്ഷം വരുമാനമുള്ള കുടുംബങ്ങളിലേയ്ക്കും കാരുണ്യ ബനവലന്റ് ചികിത്സാസഹായം എന്ന ഒന്നാം പേജ് റിപ്പോര്‍ട്ട്. കാരുണ്യ ബനവലന്റ് ഫണ്ട് പൂട്ടുമെന്ന് ഐസക്കും മാര്‍ച്ചു വരെ നീട്ടുമെന്ന് ശൈലജ ടീച്ചറും പ്രതികരിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചു. പിന്നീട് ഐസക്ക് നിലപാട് തിരുത്തി…. ‘ എന്നൊക്കെയാണ് പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ദുര്‍വ്യാഖ്യാനത്തില്‍ മനോരമയുടെ പതിവു നേരമ്പോക്ക് എന്നല്ലാതെ എന്തു പറയാന്‍!

ഇക്കാര്യത്തില്‍ തിരുത്തലിന്റെയോ ആശയക്കുഴപ്പത്തിന്റെയോ പ്രശ്‌നമില്ല. ആരോഗ്യമന്ത്രിയും ഞാനും പറഞ്ഞത് ഒരേ കാര്യം തന്നെയാണ്. അതാകട്ടെ, കാരുണ്യയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒന്നിലധികം തവണ വ്യക്തമാക്കിയ കാര്യവും. അതു തന്നെയാണ് സര്‍ക്കാര്‍ ഉത്തരവായി കഴിഞ്ഞ ദിവസം ഇറങ്ങിയത്. ഒരു വിഷയത്തെക്കുറിച്ച് തുടര്‍ക്കഥകളെഴുതുമ്പോള്‍, വിഷയം സമഗ്രമായി പഠിക്കാന്‍ ലേഖകരെ പത്രത്തിന്റെ ചുമതലപ്പെട്ടവര്‍ പ്രേരിപ്പിക്കുന്നത് നന്നാവും.

നിയമസഭയിലെ എന്റെ പ്രസംഗം നേരത്തെ ഒരു പോസ്റ്റില്‍ ഇട്ടതാണ്. ഒരുപക്ഷെ, ലേഖകന്‍ അതു കേട്ടുകാണില്ല. അദ്ദേഹത്തിനു വേണ്ടി അതില്‍ നിന്നുള്ള ഉദ്ധരണികള്‍ താഴെ കൊടുത്തിട്ടുണ്ട്. അതോടൊപ്പം ഒരു വീഡിയോയും ഷെയര്‍ ചെയ്യുന്നു. പിജെ ജോസഫ് എംഎഎല്‍യുടെ സബ്മിഷനു നല്‍കിയ മറുപടിയിലെ പ്രസക്ത ഭാഗമാണ്. ഇതുപോലെ മൂന്നോ നാലോ പ്രാവശ്യം നിയമസഭയില്‍ വ്യക്തമാക്കിയ കാര്യം തന്നെയാണ് ഇന്നലെയും പറഞ്ഞത്. അക്കാര്യം തന്നെയാണ് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയത്. അതുതന്നെയാണ് സര്‍ക്കാര്‍ ഉത്തരവ്.

സഭാരേഖകളില്‍ നിന്നുള്ള മറുപടിയുടെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
”ഏപ്രില്‍ ഒന്ന് മുതല്‍ ആരോഗ്യ സുരക്ഷാ പദ്ധതി നിലവില്‍ വന്നു. എങ്കിലും മൂന്നു മാസക്കാലം കാരുണ്യ പദ്ധതി തുടരുന്നതിന് തീരുമാനിച്ചു. എന്താണ് ഇപ്പോഴുള്ള സ്ഥിതി വിശേഷം? നേരത്തെ ഹെല്‍ത്ത് കാര്‍ഡുള്ള 42 ലക്ഷം കുടുംബങ്ങള്‍ അവര്‍ക്ക് ഏത് അക്രെഡിറ്റഡ് ആശുപത്രിയില്‍ ചെന്നുകഴിഞ്ഞാലും 5 ലക്ഷം രൂപവരെയുള്ള ചികിത്സയ്ക്ക് അര്‍ഹതയുണ്ട്. ഏതെങ്കിലും അക്രെഡിറ്റഡ് ആശുപത്രി അവരെ സ്വീകരിക്കുന്നില്ലെങ്കില്‍ നമുക്ക് നടപടിയെടുക്കാം. പഴയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ളവരില്‍ 60 ശതമാനം പേര്‍ ഇപ്പോള്‍ത്തന്നെ പുതിയ കാര്‍ഡിലേയ്ക്ക് മാറി. പഴയ കാര്‍ഡേയുള്ളൂവെങ്കില്‍ അതുമായി പോയിക്കഴിഞ്ഞാല്‍ ആശുപത്രിയില്‍ നിങ്ങള്‍ക്ക് പുതിയ കാര്‍ഡിലേയ്ക്ക് മാറാം”.

(രണ്ടാമതായി) ’42 ലക്ഷത്തില്‍ ഉള്‍പ്പെടാത്തതും 3 ലക്ഷം രൂപയില്‍ താഴെ വരുമാനവുമുള്ള ഒരു കുടുംബം ഉണ്ടെന്നിരിക്കട്ടെ, അവക്ക് പ്രശ്‌നം ഉണ്ടാകും. അതുകൊണ്ട് അക്രെഡിറ്റഡ് ആശുപത്രികളിലെ എല്ലാവര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്തെന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റുമായി പുതിയ ആരോഗ്യ പദ്ധതിയില്‍ അംഗമല്ലാത്ത ആര് വന്നാലും അവര്‍ക്ക് മുമ്പെന്നപോലെ തന്നെ ചികിത്സ നല്‍കണം എന്നുള്ളതാണ്….”

(മൂന്നാമതായി) ”ഹീമോഫീലിയ പോലുള്ള ചില കേസുകള്‍ ഇന്‍ഷ്വറന്‍സ് പ്രോഗ്രാമില്‍ വന്നിട്ടില്ല. അവര്‍ക്ക് പ്രത്യേകമായ ഉത്തരവ് നല്‍കി മുമ്പെന്നപോലെ അല്ലെങ്കില്‍ ഭേദഗതിയോടുകൂടി ഈ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടുമുണ്ടാകും”

ഹീമോഫീലിയ മാത്രമല്ല, ക്യാന്‍സറിനുള്ള പരിശോധനകള്‍, തുടര്‍ചികിത്സാ മരുന്നുകള്‍ ഇവയെല്ലാം മൂന്നാമത്തെ ഗണത്തില്‍പ്പെടും. ഇങ്ങനെ അക്രെഡിറ്റഡ് ആശുപത്രികളില്‍ നല്‍കുന്ന മരുന്നുകള്‍ക്ക് പ്രത്യേകം കണക്കുകള്‍ ആശുപത്രികള്‍ വച്ചാല്‍ പഴയ കാരുണ്യയുടെ കാലത്തെന്നപോലെ ആ ചെലവ് സര്‍ക്കാര്‍ റീ-ഇംബേഴ്‌സ് ചെയ്യും. തണല്‍ പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന ഡയാലിസിസ് സേവനങ്ങളും ഈ മൂന്നാമത്തെ ഗണത്തില്‍പ്പെടുത്തി തുടര്‍ ആനുകൂല്യം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തും. ഇതിനുള്ള വിശദമായ ഉത്തരവ് ആരോഗ്യ വകുപ്പ് ഇറക്കും.

ചുരുക്കത്തില്‍ കാരുണ്യ പദ്ധതി വഴി ആനുകൂല്യം കിട്ടിക്കൊണ്ടിരുന്ന ഒരാള്‍ക്കുപോലും പുതിയ സംവിധാനത്തില്‍ അത് നിഷേധിക്കപ്പെടില്ല.
മാത്രമല്ല, കാരുണ്യയില്‍ 2-3 ലക്ഷം രൂപയാണ് ആനുകൂല്യമെങ്കില്‍ ഇന്‍ഷ്വറന്‍സില്‍ 5 ലക്ഷം രൂപ വരെ ലഭിക്കും. കാരുണ്യ ആയുഷ്‌കാലത്തില്‍ ഒരു തവണ മാത്രമാണ് ആനുകൂല്യം ലഭിക്കുന്നതെങ്കില്‍ ഇന്‍ഷ്വറന്‍സില്‍ ഓരോ വര്‍ഷവും 5 ലക്ഷം രൂപവരെ അര്‍ഹതയുണ്ടാകും. ലോട്ടറി ഓഫീസിലൊന്നും കയറിയിറങ്ങണ്ട. അക്രെഡിറ്റഡ് ആശുപത്രികളില്‍ നിന്നും ക്യാഷ്‌ലസായി സേവനം ലഭിക്കും.

ഇന്‍ഷ്വറന്‍സില്‍ ഉള്‍പ്പെടാത്ത കാരുണ്യയുടെ ഉപഭോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞപോലെ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ ആരോഗ്യസുരക്ഷ ലഭിക്കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. മാര്‍ച്ച് കഴിഞ്ഞാല്‍ ഈ താല്‍ക്കാലിക സമ്പ്രദായം അവസാനിപ്പിച്ച് എല്ലാവരെയും ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ആരോഗ്യമന്ത്രി പറഞ്ഞതും ഞാന്‍ നിയമസഭയില്‍ പറഞ്ഞതും തമ്മില്‍ ഒരു അഭിപ്രായഭിന്നതയോ ആശയക്കുഴപ്പമോ ഇല്ല.