കര്‍ണാടകയിലേത് പോലൊരു അട്ടിമറി രാജ്യം കണ്ടിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍

single-img
10 July 2019

കര്‍ണാടകത്തിലെ പോലൊരു അട്ടിമറി രാജ്യം കണ്ടിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ ഉപയോഗിച്ച് കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ നീക്കത്തെ നിയമപരമായി നേരിടും.

രാജ്യത്ത് ജനാധിപത്യമാണ് നടപ്പിലാവേണ്ടത്. സംസ്ഥാനത്ത് വ്യാപക പ്രക്ഷോഭങ്ങള്‍ തുടങ്ങാന്‍ പോവുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് തങ്ങളെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തു കൊണ്ടാണ് ഡി.കെ. ശിവകുമാറിനെ കാണാന്‍ അനുവദിക്കാത്തത്. ബി.ജെ.പിക്ക് ഇതിലെന്ത് കാര്യമെന്നും വേണുഗോപാല്‍ ചോദിച്ചു.

അതിനിടെ, മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ആവശ്യം. നാലുപേജുള്ള നിവേദനവും ഇവര്‍ ഗവര്‍ണര്‍ക്കു കൈമാറി.

അതേസമയം, വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിനും പരിസരത്തും മുംബൈ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നതാണ് നിരോധിച്ചിരിക്കുന്നത്.

രാവിലെ മുതല്‍ ഹോട്ടലിനു മുന്നില്‍ തുടരുന്ന ഡി.കെ.ശിവകുമാറിനെ കാണാന്‍ മിലിന്ദ് ദേവ്‌റയും സഞ്ജയ് നിരുപവുമെത്തി. നിരോധനാജ്ഞ ഉണ്ടെങ്കിലും വിമത എംഎല്‍എമാരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.

നാലു പേരില്‍ താഴെ മാത്രമേ തനിക്കൊപ്പം ഉള്ളൂ. അതിനാല്‍ നിരോധനാജ്ഞ തനിക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സ്പീക്കറുടെ നിര്‍ദേശപ്രകാരം എംഎല്‍എമാര്‍ രാജിക്കത്ത് വീണ്ടും അയച്ചു. സ്പീഡ് പോസ്റ്റ് വഴിയാണ് കത്ത് അയച്ചു നല്‍കിയിരിക്കുന്നത്.