കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ ‘സുപ്രീം കോടതിയില്‍’; കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്

single-img
10 July 2019

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി.

2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതി രാത്രിയില്‍ കേട്ടിരുന്നു. ആ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയോടൊപ്പമാണ് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്നത്തെ കേസില്‍ ഇതുവരെ വാദം പൂര്‍ത്തിയായിട്ടില്ല. ഈ ഹര്‍ജിയും കൂടി പരിഗണിച്ച് അതില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് എംഎല്‍എമാരുടെ വാദം.

അതിനിടെ, അനുനയശ്രമങ്ങളുമായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഡി.കെ.ശിവകുമാറിനെയും ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയേയും ഹോട്ടലിനു പുറത്ത് പൊലീസ് തടഞ്ഞു. ഇവരെ കാണാന്‍ താല്‍പര്യമില്ലെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പത്തു വിമത എംഎല്‍എമാരും പൊലീസിനെ സമീപിച്ചിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നേതാക്കന്മാരെ പ്രവേശിപ്പിക്കാന്‍ ആകില്ലെന്നാണ് പൊലീസിന്റെ നിലപാട്. ശിവകുമാറിനെതിരെ ‘ഗോ ബാക്’ വിളികളുമായി ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ട്. ഡി.കെ. ശിവകുമാറിനെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാനുള്ള സാധ്യതയുമുണ്ട്.

ഡി.കെ ശിവകുമാറുമായി നല്ല ബന്ധമാണുള്ളതെന്ന് റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എ ബസവരാജ് പറഞ്ഞു. എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആരുമായും സംസാരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ബസവരാജ് പറഞ്ഞു. ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും വേണുഗോപാല്‍ പറഞ്ഞു.