ന്യൂസിലാൻഡ് തിരിച്ചടിക്കുന്നു; അൻപത് റൺസിന്‌ മുൻപ് ഇന്ത്യന്‍ മുന്‍നിരയുടെ നാല് വിക്കറ്റുകൾ വീണു

single-img
10 July 2019

ലോകകപ്പ്ആദ്യ സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കിതയ്ക്കുന്നു. മറുപടി ബാറ്റിങ്ങിൽന്യൂസിലന്‍ഡിന്‍റെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ച ഇന്ത്യന്‍ മുന്‍നിരയുടെ നാല് വിക്കറ്റുകളാണ് വീണത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ മികച്ച ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, നായകൻ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ അഞ്ചോവര്‍ ആകും മുൻപേ കിവീസ് വീഴ്ത്തി.

ഒരു ഘട്ടത്തിൽ പിടിച്ച് നില്‍ക്കുമെന്ന തോന്നിപ്പിച്ച ദിനേഷ് കാര്‍ത്തിക്കും വീണതോടെ വളരെ സമ്മര്‍ദത്തിലാണ് ഇന്ത്യ. മത്സരം പുരോഗമിക്കുമ്പോള്‍ 14 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നിലവിൽ ഋഷഭ് പന്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസില്‍.

കിവീസിനായി മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. പുറത്താകുമ്പോൾ നാല് പന്തില്‍ ഒരു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. തുടർന്ന് ന്യൂസിലന്‍ഡ് പേസ് നിര മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും (1) വീണു. തുടർന്ന് കോലി റിവ്യൂവിന് പോയെങ്കിലും അമ്പയറുടെ തീരുമാനത്തിന് അനുകൂലമായി മൂന്നാം അമ്പയറും വിധി എഴുതി. കൂടുതൽ വെെകാതെ രാഹുലിനെയും (1) മാറ്റ് ഹെന്‍‍റി ലാഥമിന്‍റെ കെെകളില്‍ എത്തിച്ചു.

ഹെന്‍‍റിയുടെ പന്തില്‍ തന്നെ ബാറ്റ് വച്ച് കാര്‍ത്തിക് (6) ജിമ്മി നീഷാമിന്‍റെ അത്ഭുത ക്യാച്ചില്‍ തിരികെ മടങ്ങി. മുൻപ് മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡ് മുട്ടുമടക്കുകയായിരുന്നു.