കസ്റ്റഡി മരണങ്ങൾ തടയണമെങ്കിൽ ശുപാർശകൾ നടപ്പാക്കാനുള്ള ആർജ്ജവം കൂടി സർക്കാരിനുണ്ടാകണം: ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

single-img
10 July 2019

കസ്റ്റഡി മരണം സംഭവിക്കുമ്പോൾ ജുഡിഷ്യൽ അന്വേഷണം കൊണ്ട് മരണങ്ങൾ അവസാനിക്കില്ലെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് . അതോടൊപ്പം ശുപാർശകൾ നടപ്പാക്കാനുള്ള ആർജ്ജവം കൂടി സർക്കാരിനുണ്ടാകണമെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ജുഡിഷ്യല്‍ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. സംഭവത്തിൽ നെടുങ്കണ്ടത്ത് അടുത്ത ദിവസം തന്നെ ജുഡിഷ്യല്‍ അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പ് നടത്തും.

കൊച്ചി കേന്ദ്രീകരിച്ചാണ് കമ്മിഷൻ ഓഫീസ് പ്രവർത്തിക്കുക. ഇപ്പോൾ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം നടത്താൻ സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തത് കൊണ്ടാണ് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം നടത്തി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മറുവശത് നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ് തുടരും. കേസിൽ ഉൾപ്പെട്ട ഒന്നാം പ്രതി എസ്ഐ സാബുവിനെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു.

അതേപോലെ പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നടപടികളും അന്വേഷണസംഘം തുടങ്ങിക്കഴിഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐ സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.