രാജിവെച്ച വിമത എംഎല്‍എമാരുടെ ഹോട്ടലില്‍ ഡി.കെ ശിവകുമാര്‍; നാടകീയരംഗങ്ങള്‍

single-img
10 July 2019

കര്‍ണാടക രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന വിമതരെ കണ്ട് അനുനയിപ്പിക്കുക എന്നതാണ് ശിവകുമാറിന്റെ ലക്ഷ്യം.

അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പോലീസ് അദ്ദേഹത്തെ അനുവദിച്ചില്ല. ഭീഷണിയുണ്ടെന്ന പരാതി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഹോട്ടലിലേക്ക് കടത്തി വിടാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു.

ഹോട്ടലില്‍ താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. മുംബൈ മഹാനഗരമാണ്. തന്റെ കുടുംബാംഗങ്ങള്‍ ഇവിടെയുണ്ട്. എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്ന പ്രചാരണം കള്ളമാണെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ വാദങ്ങള്‍ അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

ഡി.കെ. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കില്ല എന്നാണ് മുംബൈ പോലീസിന്റെ നിലപാട്. എന്നാല്‍ താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും മുംബൈ പോലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും ശിവകുമാര്‍ പറഞ്ഞു.

ഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം വിമതര്‍ താമസിക്കുന്ന റിനൈന്‍സ് ഹോട്ടലിന് മുന്നില്‍ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചു. പിന്നാലെ ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചു.

അതേസമയം, സ്പീക്കര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ വൈകുന്നതാണ് പരസ്യനിലപാടുമായി രംഗത്തെത്താന്‍ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ അവസാന വട്ട ശ്രമവും വിജയിക്കാത്ത സാഹചര്യത്തില്‍ സമര്‍ദം ശക്തമാക്കാനാണ് ബിജെപി തീരുമാനം. മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

നിലവിലുള്ള ഭരണപ്രതിസന്ധിയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും. വിമതരുടെ രാജിയില്‍ തീരുമാനം വൈകിപ്പിക്കരുതെന്നു സ്പീക്കറോടും ആവശ്യപ്പെടും. ഭൂരിപക്ഷം നഷ്ടപെട്ട സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഭരണം ഒഴിയണമെന്നാവശ്യപ്പെട്ട് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ എം എല്‍ എമാര്‍ പ്രതിഷേധിക്കും. നിലവില്‍ 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.

4 പേര്‍ രാജിവയ്ക്കുകയോ അയോഗ്യരാവുകയോ ചെയ്യുമെന്ന് ഉറപ്പായതോടെ സഭയുടെ അംഗബലം 210 ആയി ചുരുങ്ങും. കേവലഭൂരിപക്ഷത്തിന് 106 പേര്‍ വേണം. കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് നിലവിലുള്ളത് 103പേര്‍ മാത്രം. 107പേരുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് ബിജെപിയുടെ അവകാശവാദം.

എംഎല്‍എമാരുടെ രാജി അംഗീകരിക്കണമെങ്കില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ നേരിട്ട് വരണമെന്നും രാജിക്കു പിന്നില്‍ ആരുടെയും പ്രേരണയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന സ്പീക്കറുടെ നിലപാടിനു പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചത്. എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.