ബജറ്റ് കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം കോടി കാണാനില്ല: മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍; പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രേമചന്ദ്രന്‍

single-img
10 July 2019

പൊതുബജറ്റിലെ കണക്കുകള്‍ തമ്മില്‍ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നും അതു പിന്‍വലിച്ചു പുതിയത് അവതരിപ്പിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. റവന്യു വരുമാനവും റവന്യു ചെലവും തമ്മില്‍ പൊരുത്തമില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

രണ്ടുലക്ഷം കോടിയുടെ വ്യത്യാസമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായ രത്തന്‍ റോയി തന്നെ ഒരു ലേഖനത്തില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക സര്‍വേയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ കണക്കുകളും ബജറ്റിലെ കണക്കുകളും തമ്മിലും വൈരുധ്യങ്ങളുണ്ട് – ബജറ്റു ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രേമചന്ദ്രന്‍ പറഞ്ഞു.

പുതിയ ബജറ്റ് അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് സാമ്പത്തിക വിദഗ്ധയും ജെഎന്‍യു അധ്യാപികയുമായ ജയതി ഘോഷ് അഭിപ്രായപ്പെട്ടു. ആശങ്കപ്പെടുത്തുന്ന വിഷയമാണിതെന്ന് ദേശീയ സ്ഥിതിവിവര കമീഷന്‍ മുന്‍ അധ്യക്ഷന്‍ പ്രണബ് സെന്‍ പറഞ്ഞു.

ബജറ്റില്‍ പറയുന്ന 2018-19 വര്‍ഷത്തെ പുതുക്കിയ കണക്കും (റിവൈസ്ഡ് എസ്റ്റിമേറ്റ്‌സ്) സാമ്പത്തിക സര്‍വേയില്‍ പറയുന്ന താല്‍ക്കാലിക ശരികണക്കും (പ്രൊവിഷണല്‍ ആക്ച്വല്‍സ്) തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ബജറ്റ് കണക്കുപ്രകാരം 2018–19ല്‍ വരുമാനം 17.3 ലക്ഷം കോടിയാണ്.

എന്നാല്‍, സാമ്പത്തിക സര്‍വേയില്‍ വരുമാനം 15.6 ലക്ഷം കോടി മാത്രം, 1.7 ലക്ഷം കോടി രൂപയുടെ കുറവ്. ചെലവ് കണക്കിലും അന്തരമുണ്ട്. ബജറ്റ് കണക്കുപ്രകാരം 2018-19ലെ ആകെ ചെലവ് 24.6 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക സര്‍വേ പ്രകാരം ചെലവ് 23.1 ലക്ഷം കോടി രൂപ. 1.5 ലക്ഷം കോടിയുടെ കുറവ്.

സാമ്പത്തിക സര്‍വേയിലെ താല്‍ക്കാലിക ശരികണക്കുകള്‍ ജൂലൈയില്‍ തയ്യാറാക്കുന്നതാണ്. അതുകൊണ്ടു ബജറ്റിലെ പുതുക്കിയ കണക്കിനേക്കാള്‍ കൂടുതല്‍ കൃത്യത സര്‍വേ കണക്കുകള്‍ക്കായിരിക്കും. ധനമന്ത്രാലയം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ തയ്യാറാക്കുന്നത്.

ബജറ്റിലെ പുതുക്കിയ കണക്ക് പിന്നീട് തിരുത്താറുണ്ടെങ്കിലും വരുമാനത്തിന്റെയും ചെലവിന്റെയും കാര്യത്തില്‍ ഇത്ര വലിയ അന്തരം അസ്വാഭാവികമാണ്. ബജറ്റ് പ്രസംഗത്തില്‍ കണക്കുകളും മറ്റും വിശദമാക്കാന്‍ ധനമന്ത്രി തയ്യാറായിരുന്നില്ല. ജയതി ഘോഷ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ അംഗം രതിന്‍ റോയ് തുടങ്ങിയവരാണ് പൊരുത്തക്കേട് ആദ്യം ചൂണ്ടിക്കാട്ടിയത്.

ഈ പൊരുത്തക്കേടുകള്‍ സംബന്ധിച്ച ചോദ്യം ധനമന്ത്രാലയത്തിനു മുമ്പാകെ നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.