ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു; നിര്‍ണായക മാറ്റവുമായി ഇന്ത്യ

single-img
9 July 2019

ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റമാണുള്ളത്. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചാഹല്‍ തിരിച്ചെത്തി.

ഇതോടെ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. പേസ് വിഭാഗത്തില്‍ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലന്‍ഡ് ടീമില്‍ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെര്‍ഗൂസന്‍ മടങ്ങിയെത്തി.

പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ 336 റണ്‍സ് അടിച്ച് 89 റണ്‍സിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് മഴ പെയ്യാനുള്ള സാധ്യത 60 % വും 7.30ന് മഴ പെയ്യാനുള്ള സാധ്യത 50 % വുമാണ്. നിലവില്‍ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോസിനു ശേഷം മഴ രസം കൊല്ലിയായാല്‍ കളിയുടെ ബാക്കി റിസര്‍വ് ദിവസത്തില്‍ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ല. ഇനി രണ്ടാം ദിവസവും മഴപെയ്താല്‍ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ കണ്ടെത്തും.

മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. അങ്ങനെയെങ്കില്‍, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും.

പിച്ച് റിപ്പോര്‍ട്ട്: പ്രാഥമിക ഘട്ടത്തില്‍ ഈ ഗ്രൗണ്ടില്‍ അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ്. രണ്ട് ഇന്നിങ്‌സിലുമായി 600ന് മേലെയാണ് അന്ന് റണ്‍സ് പിറന്നത്. മത്സരത്തില്‍ പത്ത് റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ഈ മത്സരം ഫലം അടിസ്ഥാനമാക്കി വിലയിരുത്തുകയാണെങ്കില്‍ ഓള്‍ഡ് ട്രഫോഡിലേത് ബാറ്റിങ് പിച്ചാണ്. അതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. മത്സരം പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആവാനാണ് സാധ്യത. അതിനാല്‍ ചേസ് ചെയ്യുന്നവര്‍ക്ക് അല്‍പം ബുദ്ധിമുട്ടാവും.