കിവീസിന് ഇനി ബാറ്റ് ചെയ്യാനായില്ലെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം ഇങ്ങനെ

single-img
9 July 2019

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ന്യൂസീലൻഡ് സെമി പോരാട്ടം മഴ മൂലം തടസ്സപ്പെട്ടു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. ഏകദിനത്തിലെ 50–ാം അർധസെഞ്ചുറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവർ ക്രീസിൽ.

ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മഴ കനത്തതോടെ മഴനിയമ പ്രകാരം എന്ത് സംഭവിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നാളെ റിസര്‍വ് ദിനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരമാവധി ഇന്ന് തന്നെ കളി നടത്താനാണ് ഐസിസി ആഗ്രഹിക്കുന്നത്. ഒട്ടും സാധിക്കാത്ത അവസ്ഥ വന്നാല്‍ മാത്രമെ റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റൂ.

ഇനി മഴ തുടര്‍ന്നാല്‍ ഒരുപക്ഷേ ന്യൂസിലന്‍ഡിന് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം എത്രയായിരിക്കും എന്നതാണ് ഏറ്റവും നിര്‍ണായകം. ഇത് സംബന്ധിച്ച് ക്രിക്കറ്റ് സ്ഥിതിവിവര കണക്ക് വിദഗ്ധന്‍ മോഹന്‍ദാസ് മേനോന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 20 ഓവര്‍ വരെ മത്സരം ചുരുക്കിയാലുള്ള വിജയലക്ഷ്യങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കിവീസിന്‍റെ സ്കോര്‍ ഇപ്പോള്‍ ഉള്ളതില്‍ അവസാനിച്ചാല്‍ 46 ഓവറില്‍ ഇന്ത്യന്‍ വിജയലക്ഷ്യം 237 റണ്‍സായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാല്‍ ലക്ഷ്യം 223 ആകും. 35 ഓവറായാല്‍ 209, 30 ഓവറായാല്‍ 192, 25 ഓവറായാല്‍ 172, 20 ഓവറായാല്‍ 148 എന്നിങ്ങനെയാണ് കണക്കുകള്‍.