നടി ശ്രീദേവിയുടേത് അപകട മരണമല്ല; കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ്

single-img
9 July 2019

ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ദുബായില്‍ ബന്ധുവിന്റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആരാധകര്‍ക്ക് ഇന്നും അവിശ്വസനീയമായി തുടരുന്ന ഈ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും പുറത്തുവന്നു.

ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്ന് പ്രതിസ്ഥാനത്ത് നിന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായിരുന്ന ബോണി കപൂറായിരുന്നു. പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഈ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശ്രീദേവിയുടെത് ഒരു അപകടമരണമല്ല, മറിച്ച് കൊലപാതകമാകാനാണ് സാധ്യതയെന്ന് ഉമാദത്തന്‍ പറഞ്ഞതായാണ് ഋഷിരാജ് സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. കേരള കൗമുദി പത്രത്തിന്റെ ലീഡ് പേജില്‍ പ്രസിദ്ധീകരിച്ച ഉമാദത്തനൊപ്പമുള്ള അനുഭവങ്ങള്‍ പറയുന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ഋഷിരാജ് സിങ് ലേഖനത്തില്‍ പറയുന്നു.

‘പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ’ .

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നായിരുന്നു നടി ശ്രീദേവിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ബാത്ത് ഡബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹമെന്നും ശ്രീദേവിയുടേത് മദ്യലഹരിയിലുണ്ടായ അപകടമാണെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഫോറന്‍സിക് പരിശോധനയില്‍ അപകടമരണമാണെന്ന് കണ്ടെത്തുകയും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അല്ലാതെയുള്ള അന്വേഷണത്തിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാലും ദുബായ് പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.