നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പിണറായി വിജയനെതിരെ സിപിഐ: തെറ്റ് ചെയ്യുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്

single-img
9 July 2019

ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവര്‍ത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നല്‍കുന്നവരല്ല ജയില്‍ ഉദ്യോഗസ്ഥര്‍. തിരുത്തലുകള്‍ ഉണ്ടാക്കാനുള്ള അവസരം നല്‍കണം. തടവുകാര്‍ക്കു മാനസിക സമീപനം നല്‍കണം. ജയില്‍ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഇത്തരക്കാര്‍ കര്‍ശന നടപടി മുന്നില്‍ക്കാണണം. ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍നിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതിനിടെ, നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ രംഗത്ത്. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കായില്ല.

ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നല്‍കിയ എസ്പിക്കു സ്ഥാനക്കയറ്റം നല്‍കി. മുന്‍ എസ്പിയെ ഉപയോഗിച്ച് ചിലര്‍ സിപിഐയെ ഒതുക്കാന്‍ നോക്കി. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നും ശിവരാമന്‍ വിമര്‍ശിച്ചു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.