സർക്കാരിനെതിരായ നിരാഹാര സമരത്തിൽ നിന്ന് എം സ്വരാജ് പിന്മാറി

single-img
9 July 2019

മരട് നഗരസഭയിൽ കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാൻ ജലവകുപ്പ് പണം കൈമാറാത്തതിൽ പ്രതിഷേധിച്ചു നിരാഹാരം സമരം പ്രഖ്യാപിച്ച ഭരണകക്ഷി എംഎൽഎ എം സ്വരാജ് സമരത്തിൽ നിന്ന് പിന്മാറി. ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ട് തുക കൈമാറിയ സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സ്വരാജ് വിശദീകരിച്ചു.

മണ്ഡലത്തിലെ പല പ്രധാന റോഡുകളും കുത്തി പൊളിച്ച് കുടിവെള്ള പൈപ്പിട്ടതിന് ശേഷം, അവ പൂർവ്വ സ്ഥിതിയിലാക്കുന്നതിൽ ജലവകുപ്പ് കാണിച്ച അലംഭാവമായിരുന്നു എംഎൽഎയെ  ചൊടിപ്പിച്ചത്. റോഡ് നന്നാക്കാൻ മരട് നഗരസഭയ്ക്ക് പണം കൈമാറേണ്ട ജലവകുപ്പ് പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. 

തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പരിഹരിക്കാത്ത പക്ഷം ഈ മാസം പത്ത് മുതൽ തിരുവനന്തപുരത്തെ ജലവകുപ്പിന്‍റെ ആസ്ഥാനത്ത് നിരാഹാര സമരം ഇരിക്കാനായിരുന്നു തീരുമാനം.