ഗാംഗുലിയെ പിന്നിലാക്കാന്‍ ഒരുങ്ങി കോഹ്‌ലി

single-img
9 July 2019

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇനി 24 റണ്‍സ് കൂടി നേടിയാല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഒരു റെക്കോര്‍ഡ് കോഹ്‌ലിക്ക് മറികടക്കാം.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കുക. 2003 ലെ ലോകകപ്പില്‍ 465 റണ്‍സാണ് ഗാംഗുലി നേടിയത്. ഇന്ന് ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 24 റണ്‍സ് കൂടി നേടിയാല്‍ ദാദയുടെ റെക്കോര്‍ഡ് കോഹ്‌ലിക്ക് മറികടക്കാന്‍ സാധിക്കും.

അതേസമയം ഇന്ന് മാഞ്ചെസ്റ്ററില്‍ സെഞ്ചുറി നേടാനായാല്‍ കോഹ്‌ലിയെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ ഇനിയുമുണ്ട്. മൂന്നക്കം കടക്കാനായാല്‍ ഇന്ത്യയ്ക്കായി ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനാകും കോഹ്‌ലി. കപില്‍ ദേവും സൗരവ് ഗാംഗുലിയുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.

ഇന്ന് സെഞ്ചുറി നേടിയാല്‍ തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമാകും കോഹ്‌ലി. 1996, 1999, 2003 ലോകകപ്പുകളില്‍ സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍.