കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തീരുമാനം; ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്

single-img
9 July 2019

കര്‍ണാടകത്തില്‍ രാജി നല്‍കിയ ഭരണകക്ഷി എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഖ്യ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായി. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എം.എല്‍.എമാര്‍ പങ്കെടുത്തില്ല. ഇതില്‍ ആറുപേര്‍ മാത്രമാണ് വിശദീകരണ കത്ത് നല്‍കിയത്.

വിശദീകരണം നല്‍കാതെ യോഗത്തില്‍ നിന്നും വിട്ടു നിന്ന 12 പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാന്‍ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് ശിപാര്‍ശ നല്‍കി. രാജി പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി.

എംഎല്‍എമാര്‍ രാജിവെക്കാന്‍ നിരത്തിയ കാരണങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നും തീരുമാനം സ്വമേധയാ ഉള്ളതല്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പണവും അധികാരവും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണ്. ഇതിന് വേണ്ടി ബിജെപി ഒഴുക്കുന്ന കോടിക്കണക്കിന് പണം എവിടെനിന്നാണെന്ന് ചിന്തിക്കണം. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

വിധാന്‍സൗധയിലെ ഗാന്ധിപ്രതിമക്ക് മുമ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ധര്‍ണ നടത്തും. തുടര്‍ന്ന് സ്പീക്കറെ കാണും. കളി തീര്‍ന്നിട്ടില്ലെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി എം ബി പാട്ടീല്‍ പ്രതികരിച്ചത്. ബിജെപിയെക്കാള്‍ സ്മാര്‍ട്ടാണ് തങ്ങളെന്ന് തെളിയിക്കുമെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ ആയിരുന്നു നിയമസഭാ കക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി പദവികള്‍ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ തിരിച്ചുവരാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ, എം.എല്‍.എ സ്ഥാനം രാജിവെച്ചതായി റോഷന്‍ ബെയ്ഗ് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും അയോഗ്യത വരുമോയെന്ന് കാണാമെന്നും ബെയ്ഗ് പ്രതികരിച്ചു. രാജി വെച്ച എം.എല്‍.എമാര്‍ നേരിട്ട് എത്തിയാല്‍ തീരുമാനം അറിയിക്കാമെന്ന നിലപാടിലാണ് സ്പീക്കര്‍ രമേഷ് കുമാര്‍.

13പേര്‍ രാജിവയ്ക്കുകയോ അയോഗ്യരാവുകയോ ചെയ്യുമെന്ന് ഉറപ്പായതോടെ സഭയുടെ അംഗബലം 221 ആയി ചുരുങ്ങും. കേവലഭൂരിപക്ഷത്തിന് 106പേര്‍ വേണം. കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് നിലവിലുള്ളത് 104പേര്‍ മാത്രം. 107പേരുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് ബിജെപിയുടെ അവകാശവാദം.