കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി

single-img
9 July 2019

കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ പിന്തുണക്കുന്നവരെക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപി എംപി ശോഭാ കരന്തലജെ. ഞങ്ങള്‍ക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണം. തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ ഏറ്റവും വിശ്വസ്തയായ നേതാവായിട്ടാണ് ശോഭ അറിയപ്പെടുന്നത്.

അതിനിടെ, വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍. രാജി വച്ച 10 എംഎല്‍എമാര്‍ക്ക് പുറമേ വിമതപക്ഷത്തോട് അടുപ്പം പുലര്‍ത്തിയ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നില്ല.

ഇതിലൊരാള്‍ മന്ത്രിയുമാണ്. മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും വിമതപക്ഷം അനുനയത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്യുക മാത്രമാണ് ഭരണപക്ഷത്തിന് മുമ്പിലുള്ള ഏക വഴി.

എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ, കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ തയ്യാറാവുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയലോകം. ഭരണഘടന ചട്ടപ്രകാരം മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമാണ് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാറിന്റെ നിലപാട്.

അതേസമയം, കര്‍ണാടകയില്‍ ഭരണത്തിലേറാനുള്ള അണിയറനീക്കങ്ങള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നാണ് ബിജെപി ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍, അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന പ്രത്യാശയും ബിജെപി വൃത്തങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ഇപ്പോഴത്തെ രാഷ്ട്രീയനീക്കങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെപി വാദം അംഗീകരിക്കാന്‍ കോണ്‍ഗ്രസോ ജെഡിഎസോ തയ്യാറായിട്ടില്ല. രാജ്‌നാഥ് സിംഗ് പറയുന്നത് തങ്ങള്‍ക്ക് ആശങ്കയില്ല, താല്‍പര്യമില്ല, ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് അറിയില്ല എന്നൊക്കെയാണ്. ബി എസ് യെദ്യൂരപ്പയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. പക്ഷേ, അദ്ദേഹം ഞങ്ങളുടെ മന്ത്രിമാരെ ചാക്കിട്ടുപിടിക്കാന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയെ അയക്കുകയും ചെയ്യുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ആരോപിച്ചത്.