ശൈലജയുടെ പ്രഖ്യാപനം തള്ളി തോമസ് ഐസക്; കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി തുടരില്ല

single-img
9 July 2019

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് മാസം രണ്ട് പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 30നാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കിയത്. ചികില്‍സ സഹായം ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തിയിരുന്നു. ലക്ഷങ്ങള്‍ക്ക് ആശ്രയമായ ‘കാരുണ്യ’ ചികില്‍സാ പദ്ധതി അടുത്ത മാര്‍ച്ച 31 വരെ തുടരുമെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ പറയുകയും ചെയ്തു.

ഇക്കാര്യത്തില്‍ ധനവകുപ്പുമായി ധാരണയിലെത്തി. പ്രത്യേക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നിഷേധിക്കരുതെന്ന് ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.