മഴയെ പേടിച്ച് ന്യൂസിലാന്റ്: മഴ കളി മുടക്കിയാല്‍ ഇന്ത്യ സെമി കളിക്കാതെ ഫൈനലില്‍ എത്തും

single-img
9 July 2019

ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ മാഞ്ചസ്റ്ററിലാണ് മത്സരം. മത്സരത്തിനിടെ മഴയെത്തുമെന്നാണ് പ്രവചനം. എന്നാല്‍ 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. മാഞ്ചസ്റ്ററിലെ പിച്ചില്‍ ഉയര്‍ന്ന സ്‌കോറാണ് പ്രതീക്ഷിക്കുന്നത്.

മഴ കളി മുടക്കിയാൽ റിസർവ് ദിനമുണ്ട്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കളി മുടങ്ങിയാൽ മത്സരം ബുധനാഴ്ചയിലേക്ക് നീളും. റിസർവ് ദിനത്തിലും കളി മുടങ്ങിയാൽ ഇന്ത്യ ഫൈനലിലെത്തും. പ്രാഥമിക റൗണ്ടിൽ ന്യൂസീലൻഡിനേക്കാൾ പോയന്റുള്ളതിനാലാണിത്. പ്രാഥമിക റൗണ്ടിലെ ഇന്ത്യ- ന്യൂസീലൻഡ് മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു.

ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ ഇന്ത്യ രണ്ട് വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും  ഉള്‍പ്പെടുത്താനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഇതോടൊപ്പം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലേക്ക് തിരിച്ചെത്തും. കുല്‍ദീപ് പുറത്തിരിക്കാനാണ് സാധ്യത.

പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഭുവനേശ്വര്‍ കുമാറാണ് പകരം കളിച്ചത്. എന്നാല്‍ 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയ ഭുവി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അതുകൊണ്ട് തന്നെ ജസ്പ്രീത് ബൂമ്രയ്‌ക്കൊപ്പം ഷമിക്കാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഓള്‍റൗണ്ടറായി ഇവര്‍ക്കൊപ്പം ചേരും.