കാശ്മീരില്‍ മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ റിപ്പോര്‍ട്ട്; എതിര്‍പ്പുമായി ഇന്ത്യ • ഇ വാർത്ത | evartha
National

കാശ്മീരില്‍ മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍ റിപ്പോര്‍ട്ട്; എതിര്‍പ്പുമായി ഇന്ത്യ

ജമ്മു കാശ്മീരില്‍ മനുഷ്യാവകാശലംഘനം നടക്കുന്നു എന്ന് പറയുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യവകാശവിഭഗത്തിന്‍റെ റിപ്പോര്‍ട്ടിന‍െതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. രാജ്യത്തിനെതിരെ കൃത്യമായ അജന്‍ഡകളോടെ തയ്യാറാക്കപ്പെട്ട തെറ്റായ റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭയുടേതെന്ന് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തുനിന്നും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റേതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടിനെതിരായാണ് ഇന്ത്യയുടെ പ്രതിഷേധം.

കാശ്മീരില്‍ വന്‍തോതില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് കാശ്മീരിലെ ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഇന്ത്യ മാനിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദത്തെ നീതികരിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു റിപ്പോര്‍ട്ടിലൂടെ നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ അഖണ്ഡതയും അതിര്‍ത്തിയും തകര്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും കാശ്മീരിലെ അടിസ്ഥാനപ്രശ്നമായ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ അവഗണിക്കുകയുമാണ് മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.