മരുമകളുടെ വജ്രാഭരണത്തിന് വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ കാവല്‍!; ഇടുക്കി മുന്‍ എസ്പി ‘കുരുക്കില്‍’

single-img
8 July 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി മുന്‍ എസ്പി കെ ബി വേണുഗോപാലിനെതിരെ ഇന്റലിജന്‍സ് അന്വേഷണം. മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലെ നാല് പൊലീസുകാരെ നിയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

ആഭരണങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍ സേനയെ ദുരുപയോഗം ചെയ്തുവെന്നതിനെക്കുറിച്ച് ഇടുക്കി ജില്ലയിലെ ചില പൊലീസുദ്യോഗസ്ഥരാണു ഡിജിപിക്കു വിവരം കൈമാറിയത്. തുടര്‍ന്നാണ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. ഉരുട്ടികൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍ എസ് പി ക്കെതിരെ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്.

മേയ് മാസത്തില്‍ കൊച്ചിയില്‍ വച്ചായിരുന്നു വേണുഗോപാലിന്റെ മകന്റെ വിവാഹം. മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ഇടുക്കി ജില്ലയില്‍ നിന്നു വനിത പൊലീസുകാരി ഉള്‍പ്പെടെ 4 പേരെ ആണു അന്ന് എസ്പി വേണുഗോപാല്‍ നിയോഗിച്ചത്. സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു എഎസ്‌ഐയാണ് പൊലീസുകാരുടെ പട്ടിക തയാറാക്കി മുന്‍ എസ്പിക്കു കൈമാറിയത്. തൊടുപുഴ മേഖലയില്‍ ജോലി ചെയ്തിരുന്ന പൊലീസുകാരെയാണ് ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ കൊച്ചിയില്‍ ഡ്യൂട്ടിക്കിട്ടത്.

വജ്രാഭരണങ്ങള്‍ മരുമകളുടെ വീട്ടില്‍ എത്തിക്കുന്നതു മുതല്‍ വിവാഹ ദിനം വരെ പൊലീസുകാര്‍ വജ്രാഭരണങ്ങള്‍ക്കു രാവും പകലും കാവല്‍ നിന്നുവെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച വിവരം. കാവല്‍ ഡ്യൂട്ടി നിന്നതിനു പ്രത്യേക പാരിതോഷികവും പൊലീസുകാര്‍ക്കു ലഭിച്ചെന്നാണ് വിവരം.

അതിനിടെ, മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നല്‍കിയ തോട്ടം ഉടമയെ വേണുഗോപാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. ഇടുക്കിയില്‍ വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ അനധികൃതമായി ഇടപെടുകയും തോട്ടം ഉടമകളില്‍ ഒരാളുടെ ആതിഥ്യം സ്വീകരിച്ച്, മേയ് 31 നു രാത്രി ബംഗ്ലാവില്‍ താമസിച്ചതിനെക്കുറിച്ചും, ഡിജിപിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയിരുന്നു. എറണാകുളം മുന്‍ ട്രാഫിക് അസി. കമ്മിഷണര്‍ സി.എസ്. വിനോദ്, അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി റേഞ്ച് ഐജിക്കു കൈമാറി.