വിരമിച്ച ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച സംഭവം; കിളിമാനൂർ എസ്ഐയ്ക്ക് സസ്പെൻഷൻ

single-img
8 July 2019

വിരമിച്ച അധ്യാപകനെ നടുറോഡില്‍ ലാത്തികൊണ്ടടിച്ചു മാരകമായി പരുക്കേറ്റ സംഭവത്തില്‍ കിളിമാനൂര്‍ എസ്ഐ ബി.കെ. അരുണിന് സസ്പെന്‍ഷന്‍. അരുണ്‍ അകാരണമായി അധ്യാപകനായ വിജയകുമാറിനെ മര്‍ദിച്ചെന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി പി.കെ.മധുവാണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു സംഭവം. കിളിമാനൂർ ചൂട്ടയിൽ വച്ച് വീട്ടിലേക്ക് പോകാൻ ഓട്ടോ കാത്ത് നിന്നപ്പോള്‍ ജീപ്പിലെത്തി കിളിമാനൂർ എസ്ഐ അരുണ്‍ ജീപ്പിലിരുന്ന ലാത്തിവീശി പൃഷ്ഠഭാഗത്ത് അടിച്ചുവെന്നായിരുന്നു പരാതി. ലാത്തിയടിയില്‍ അധ്യാപകന് സാരമായി പരിക്കേറ്റിരുന്നു.

എസ്ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണ് എസ്ഐയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഡിവൈഎസ്പിയുടെ അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. അധ്യാപകനെ മര്‍ദിച്ചിട്ടില്ലെന്നും ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയായിരുന്നുമാണ് എസ്ഐ ആദ്യം നല്‍കിയ വിശദീകരണം.

ഇതു തെറ്റാണെന്നു കണ്ടെത്തിയതോടെ അരുണ്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി. സമാനമായ രീതിയില്‍ എസ്ഐ അരുണ്‍ പലരെയും കിളിമാനൂര്‍ ജങ്ഷനില്‍വച്ചു മര്‍ദിച്ചെന്ന് സ്പെഷൽ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനാവശ്യമായ ലാത്തി ‘പ്രയോഗം’ ന്യായീകരിക്കാനാകാത്ത നടപടിയാണെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് നാണക്കേടായതോടെ പൊലീസ് മര്‍ദനങ്ങള്‍ പാടില്ലെന്നു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയായിരുന്നു കിളിമാനൂര്‍ എസ്ഐ ബി.കെ. അരുണിന്റെ ക്രൂരമായ ലാത്തിയടി.