മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹിന്ദു മഹാസഭ കേരളാ ഘടകത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
8 July 2019

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം നല്‍കിയ ഹര്‍ജി തള്ളിയത്.

ആവശ്യവുമായി മുസ്‌ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പര്‍ദ്ദ നിരോധിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി നിരസിച്ചു. ഹിന്ദുമഹാ സഭയുടെ ഈ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നത് പരാതിക്കാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരാതിക്കാര്‍ ഹര്‍ജിയുമായി എത്തിയത്.