ഒന്നാമനാകാന്‍ കോഹ്‌ലി–രോഹിത് ‘പോര്’

single-img
8 July 2019

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 63.14 റണ്‍സ് ശരാശരിയില്‍ 442 റണ്‍സ് നേടിയ കോഹ്‌ലിക്ക് ഒന്നാം സ്ഥാനത്ത് ഒരു പോയന്റാണ് വര്‍ധിപ്പിക്കാന്‍ സാധിച്ചത്.

എന്നാല്‍ കോഹ്‌ലിയുടെ ഒന്നാം സ്ഥാനത്തിന് വെല്ലുവിളിയുമായി രോഹിത് ശര്‍മ തൊട്ടുപിന്നാലെയുണ്ട്. ഇന്നലെ പുറത്തിറങ്ങിയ റാങ്കിങ് പ്രകാരം ഇരുവരും തമ്മില്‍ വെറും ആറ് പോയന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. കോഹ്‌ലിക്ക് ഒന്നാം സ്ഥാനത്ത് 891 പോയന്റുള്ളപ്പോള്‍ 885 പോയന്റുമായി രോഹിത് പിന്നാലെയുണ്ട്.

ഐ.സി.സി റാങ്കിങ്ങില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ 51 പോയന്റുകളാണ് രോഹിത് സ്വന്തമാക്കിയത്. ഇപ്പോഴത്തെ ഫോമില്‍ രോഹിത് കോഹ്‌ലിയെ മറികടക്കാനുള്ള സാധ്യതയേറെയാണ്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പാക്കിസ്ഥാന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ബാബര്‍ അസം 827 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ രണ്ടാം സ്ഥാനത്തെത്തിയശേഷം ബാബറിന്റെ മികച്ച റാങ്കിങ്ങാണിത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി (820), ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍ (813) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

റൗണ്ട് റോബിന്‍ ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ടോപ് സ്‌കോറര്‍മാരില്‍ രണ്ടാമതുള്ള ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനും ആദ്യ പത്തിലേക്കു തിരിച്ചെത്തി. എട്ടാമതാണ് വില്യംസന്‍. ഓസീസ് താരം ഉസ്മാന്‍ ഖവാജ കരിയറിലെ ഉയര്‍ന്ന റാങ്കായ പതിനഞ്ചിലെത്തി.

ലോകകപ്പില്‍ ഉജ്വല പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര 814 പോയിന്റുമായി ബോളര്‍മാരില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ഒന്നാം സ്ഥാനത്ത് 21 പോയിന്റ് മാത്രം ലീഡുണ്ടായിരുന്ന ബുമ്രയ്ക്കിപ്പോള്‍ 56 പോയിന്റിന്റെ ലീഡുണ്ട്. എട്ടു മല്‍സരങ്ങളില്‍നിന്ന് 17 വിക്കറ്റ് പിഴുത പ്രകടനമാണ് ബുമ്രയുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്.