കര്‍ണാടകയില്‍ അവസാന അടവുമായി കോണ്‍ഗ്രസ്; മന്ത്രിമാരെല്ലാം രാജിവെച്ചു; ജെഡിഎസ് മന്ത്രിമാരും രാജിവെച്ചേക്കും: പുനഃസംഘടനയ്ക്കു നീക്കം

single-img
8 July 2019

എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് തുലാസിലായ കര്‍ണാടക സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവസാന അടവുമായി കോണ്‍ഗ്രസ്. മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജിവെച്ചു. ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഒഴികെയുള്ള കോണ്‍ഗ്രസ് മന്ത്രിമാരാണ് രാജിവെച്ചത്.

21 മന്ത്രിമാരാണ് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവച്ചത്. ഉപാധികളൊന്നും മുന്നോട്ടുവെക്കാതെയാണ് മന്ത്രിമാരെല്ലാം രാജിവച്ചതെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. രാജിവച്ച എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അവസാന നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്

വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവെപ്പിച്ചത്. പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമി ഒഴികെയുള്ള ജെഡിഎസ് മന്ത്രിമാരും രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമതരെകൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. അതേസമയം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ദളും പുതുവഴികള്‍ തേടുന്നതിനിടെ സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷ് മന്ത്രിസ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇടഞ്ഞുനില്‍ക്കുന്ന 13 വിമതരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.

സ്പീക്കര്‍ രാജി അംഗീകരിക്കാതിരിക്കുന്നതാണ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേരുന്ന ബിജെപി നേതൃയോഗം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചേക്കും. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനുമാണ് ബിജെപി ക്യാമ്പ് ഒരുങ്ങുന്നത്

അതേസമയം, കോണ്‍ഗ്രസ് വിമത എം.എല്‍.എ രാമലിംഗ റെഡ്ഡിയെ ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍വച്ച് കുമാരസ്വാമി നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി. രാലിംഗ റെഡ്ഡി രാജിപിന്‍വലിക്കുമെന്ന് സൂചനയുണ്ടെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ, ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞത്. ‘ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. സര്‍ക്കാര്‍ ശക്തമായി തന്നെ മുന്നോട്ടുപോകും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.