മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് കങ്കണ; വീണ്ടും വിവാദക്കുരുക്ക്; വീഡിയോ

single-img
8 July 2019

ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും വിവാദത്തില്‍. വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകനുമായി നടി കൊമ്പുകോര്‍ത്തത്. കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജഡ്‌മെന്റല്‍ ഹെ ക്യാ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം.

ജസ്റ്റിന്‍ റാവു എന്ന മാധ്യമപ്രവര്‍ത്തകന്‍ മണികര്‍ണികയെ വിമര്‍ശിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഉറി ആക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമര്‍ശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനില്‍ റീലീസ് ചെയ്തതെന്ന ചോദ്യത്തില്‍ നിന്നാണ് തുടക്കം.

”നിങ്ങള്‍ മണികര്‍ണികയെ വിമര്‍ശിക്കുന്നു. ആ സിനിമ ചെയ്തതു വഴി ഞാനെന്തെങ്കിലും തെറ്റ് ചെയ്‌തോ?. ദേശീയതയെക്കുറിച്ച് സിനിമ നിര്‍മിച്ചപ്പോള്‍ ഞാന്‍ തീവ്ര ദേശീയവാദിയാണെന്നാണ് നിങ്ങള്‍ വിളിച്ചത്” കങ്കണ ദേഷ്യപ്പെട്ടു.

കങ്കണയുടെ നടപടി ശരിയല്ലെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകനും പറഞ്ഞു. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തുകയല്ലെന്നും സത്യസന്ധമായി കാര്യം പറയുകയാണെന്ന് കങ്കണയും തിരിച്ചടിച്ചു.

മാധ്യമപ്രവര്‍ത്തകന് താന്‍ നേരത്തെ അഭിമുഖം നല്‍കിയിരുന്നെന്നും അയാള്‍ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാല്‍, താന്‍ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.