ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനം വർദ്ധനവ്; വെദ്യുത നിരക്ക് കൂട്ടിയതിലൂടെ സർക്കാർ ജനങ്ങളെ ഷോക്കടിപ്പിച്ചു: ചെന്നിത്തല

single-img
8 July 2019

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നല്‍കിയത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ദ്ധനവ്‌ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനമാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഓരോമാസവും 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു.