പൂരി കൊണ്ടുവരാന്‍ വൈകിയതിന് കയർത്ത യുവാവിനു നേരെ പാചകക്കാരന്‍ തിളച്ച എണ്ണ ദേഹത്തൊഴിച്ചു

single-img
7 July 2019

ഹൈദരാബാദ്: ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. മാരകമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. 

വ്യവസായിയായ യുവാവ് പ്രഭാതഭക്ഷണത്തിനായാണ് ഹോട്ടലിലെത്തിയത്. തുടര്‍ന്ന് പൂരി ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഭക്ഷണം തയ്യാറാകാന്‍ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരന്‍ അറിയിച്ചു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതയതോടെ യുവാവ് പ്രകോപിതനായി. തുടര്‍ന്ന് പാചകക്കാരനും യുവാവും വാക്കുതര്‍ക്കമുണ്ടാവുകയും യുവാവ് പാചകക്കാരനെ മോശമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. ഇതിനിടെയാണ് അടുക്കളയിലേക്ക് പോയി പാചകക്കാരന്‍ തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്തൊഴിച്ചത്. 

യുവാവിന്റെ മുഖത്തും കഴുത്തിലും കൈകളിലും മാരകമായി പൊള്ളലേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സംഭവത്തില്‍ പാചകക്കാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.