കര്‍ണാടകയില്‍ വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് – ജെഡിഎസ് നീക്കം; മുഖ്യമന്ത്രി കുമാരസ്വാമി തിരികെയെത്തി

single-img
7 July 2019

പുനഃസംഘടനയിൽ മന്ത്രിസഭയിൽ മന്ത്രിപദവി നൽകി രാജി വച്ച വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് – ജെഡിഎസ് നേതൃത്വത്തിന്‍റെ നീക്കം. ഇപ്പോൾ ബെംഗളുരുവിൽ നടക്കുന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മന്ത്രിമാർ ഒഴിഞ്ഞ് വിമതർക്ക് മന്ത്രിപദവി നൽകണമെന്ന് ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു.

എന്നാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്നാണ് ജെഡിഎസ് – കോൺഗ്രസ് ഏകോപനസമിതി തീരുമാനിച്ചാൽ എതിർക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അധ്യക്ഷനായ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലാണ് ബെംഗളുരുവിൽ ജെഡിഎസ് എംഎൽഎമാർ യോഗം ചേരുന്നത്. സംസ്ഥാനത്തെ സർക്കാർ താഴെ വീഴുമെന്ന അവസ്ഥയിൽ ഏത് അനുനയത്തിനും തയ്യാറാവുകയാണ് ഇരുപക്ഷവും.

സർക്കാരിൽ ക്യാബിനറ്റ് പദവി കിട്ടാത്തടക്കം ഉന്നയിച്ച് കലാപമുയർത്തിയ വിമതർക്ക് മന്ത്രിപദവി കൊടുത്ത് പ്രശ്നങ്ങളൊതുക്കാനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ രാജി നൽകിയ ജെഡിഎസ് എംഎൽഎ എച്ച് വിശ്വനാഥിനോട് സംസാരിച്ചെന്നും തിരികെ വരുമെന്ന് സമ്മതിച്ചതായും ജി ടി ദേവഗൗഡ വ്യക്തമാക്കുന്നു. മന്ത്രിസഭയുടെ പ്രതിസന്ധിയെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി രാത്രി ഏഴരയോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിരികെ ബെംഗളുരുവിലെത്തിയിരുന്നു. അദ്ദേഹം ബെംഗളുരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിലെത്തി കെ സി വേണുഗോപാലടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.