കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജി വച്ച എംഎല്‍എമാര്‍; രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

single-img
7 July 2019

കര്‍ണാടകയിലുണ്ടായിരിക്കുന്ന ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം സജീവം. കഴിഞ്ഞ ദിവസം രാജി വെച്ച എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി ഡല്‍ഹിയിലും കര്‍ണാടകയിലും സമവായ ചര്‍ച്ചകള്‍ തുടരുകയാണ്.

സംസ്ഥാനത്ത് കോൺഗ്രസിലും ജെഡിഎസിലും ചർച്ചകൾ സജീവമാണെങ്കിലും രാജിക്കാര്യത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് എംഎൽഎമാർ. നാളെ മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു. മുന്നണിയോടു ഇടഞ്ഞു നില്‍ക്കുന്ന വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുക എന്നത് മാത്രമാണ് കോൺഗ്രസിന് മുന്നിലുള്ള ഏക വഴി.

ഇപ്പോഴുള്ള ഒഴിവ് നികത്തുന്നതിനൊപ്പം ചില മന്ത്രിമാരെ രാജി വെപ്പിയ്ക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഇന്നലെ രാജിവെച്ച രാമലിംഗ റെഡ്ഡി, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. കര്‍ണാടക മന്ത്രിസഭ പൂർണമായും പുനഃക്രമീകരിക്കണമെന്നാണ് റെഡ്ഡി ആവശ്യപ്പെട്ടത്. പക്ഷെ കെസി വേണുഗോപാൽ ഇത് അംഗീകരിച്ചില്ല. മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളുമായും ചർച്ചകൾ നടക്കുന്നുണ്ട്.

നിലവില്‍ വിദേശത്തുള്ള മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും ഇന്ന് ബംഗളൂരുവിൽ എത്തും. കര്‍ണാടകയിലെ മന്ത്രിസഭ വികസനം സംബന്ധിച്ച ചർച്ചകളായിരിക്കും ഇന്ന് ഇവരുടെ നേതൃത്വത്തിൽ നടക്കുക. അതേസമയം ഇന്നലെ രാജി വെച്ച എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി.