എറണാകുളത്ത് നൂറ് ഏക്കർ ഭൂമിയിൽ പുതിയ ടെർമിനൽ; രൂപരേഖ തയ്യാറാക്കാന്‍ ദക്ഷിണ റെയിൽവേക്ക് കേന്ദ്ര മന്ത്രിയുടെ നിർദ്ദേശം

single-img
7 July 2019

തിരക്ക് നിയന്ത്രിക്കാന്‍ എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള സാധ്യത പഠനം നടത്താൻ ദക്ഷിണ റെയിൽവേ നടപടി തുടങ്ങി. അതിനായി പദ്ധതിയുടെ സാങ്കേതിക വശങ്ങൾ കൂടി പഠിച്ചതിന് ശേഷം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി റെയിൽവേ ഉദ്യോഗസ്ഥർ എറണാകുളം എംപി ഹൈബി ഈഡനുമായി ചര്‍ച്ച നടത്തി. ദിനം പ്രതി വളരുന്ന കൊച്ചിയെ ഉൾക്കൊള്ളാൻ നിലവിലെ നോർത്ത് – സൗത്ത് റെയിൽവേ സ്റ്റേഷനുകൾ പര്യാപ്തമല്ല എന്നത് നീണ്ട നാളത്തെ പരാതിയാണ്.

നിലവില്‍ നോര്‍ത്ത്-സൗത്ത് സ്റ്റേഷനുകളിലെ സ്ഥലപരിമിതി മൂലം പുതിയ സര്‍വ്വീസുകള്‍ എറണാകുളത്ത് നിന്നും തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയിലാണ് പൊന്നുരുന്നിയിലെ മാര്‍ഷല്ലിംഗ് യാര്‍ഡില്‍ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള നൂറ് ഏക്കർ ഭൂമിയിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ ആലോചിക്കുന്നത്.

പുതിയ ടെര്‍മിനല്‍ എന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ടിരുന്നു. അതിനെ തുടർന്ന് വിശദമായ രൂപരേഖ തയ്യാറാക്കാൻ ദക്ഷിണ റെയിൽവേക്ക് മന്ത്രി നിർദ്ദേശം നൽകി. “ഏറണാകുളതെ ഇന്ത്യൻ റെയിൽവേയേയും കൊച്ചി മെട്രോയേയും വൈറില മൊബിലിറ്റി ഹബ്ബിനേയും ഭാവിയിൽ കൊച്ചി വാട്ടർ മെട്രോയേയും ചേർത്തു പിടിക്കുന്ന ഒരു മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം കൊച്ചിക്ക് സ്വന്തമാകുന്ന പദ്ധതി കൂടിയാണിത്”- ഹൈബി ഈഡൻ പറഞ്ഞു.

സംസ്ഥാനത്തുള്ള നേമം ടെര്‍മിനലിന്‍റെ വികസനമടക്കം സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനും പ്രധാന തടസ്സമായി പറയുന്നത് സ്ഥലസൗകര്യം ഇല്ല എന്നതാണ്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും തമ്മില്‍ വലിയ തര്‍ക്കം നിലനില്‍ക്കുകയാണ്. പക്ഷെ എറണാകുളത്തെ നിര്‍ദിഷ്ട റെയില്‍വേ ടെര്‍മിനലിന് പുതുതായി ഭൂമിയേറ്റെടുക്കേണ്ട കാര്യമില്ല. ഇവിടെ110 ഏക്കര്‍ ഭൂമി മാര്‍ഷല്ലിംഗ് യാര്‍ഡില്‍ റെയില്‍വേയുടെ കൈവശമുണ്ട്.