രാജ്യത്തെ മുസ്ലീം വിഭാഗത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക; സ്വന്തം പേര് മാറ്റാനൊരുങ്ങി മുസ്ലീം ഉദ്യോഗസ്ഥന്‍

single-img
7 July 2019

രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വന്തം പേര് മാറ്റാനൊരുങ്ങി മുസ്ലീം ഉദ്യോഗസ്ഥന്‍. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് കീഴിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായ നിയാസ് ഖാനാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ ഭയന്ന് പേരുമാറ്റാന്‍ തീരുമാനിച്ചത്.

നമ്മുടെ രാജ്യത്തെ മുസ്ലീം വിഭാഗത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ സ്വന്തം പേര് മാറ്റുകയാണെന്നും ശനിയാഴ്ച ട്വിറ്ററിലൂടെയാണ് നിയാസ് ഖാന്‍ അറിയിച്ചത്. ‘രാജ്യത്തെ അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും പുതിയ പേര് എന്നെ രക്ഷിക്കും. തൊപ്പിയും കുര്‍ത്തയും ധരിക്കാതെ വ്യാജപ്പേര് പറഞ്ഞ് എനിക്ക് സുരക്ഷിതമായി ജീവിക്കാം. എന്‍റെ സഹോദരന്‍ യാഥാസ്ഥിതിക മുസ്ലീം വേഷങ്ങള്‍ ധരിക്കുകയാണെങ്കില്‍ അയാള്‍ ഏറ്റവും ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്’- നിയാസ് ഖാന്‍ ട്വിറ്ററില്‍ എഴുതി.ഞങ്ങളെ രക്ഷിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും അതിനാല്‍ മുസ്ലീങ്ങള്‍ പേര് മാറ്റുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.