ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാകും; കരട് നിയമത്തിന് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ രൂപം നല്‍കി

single-img
7 July 2019

സംസ്ഥാനത്ത് അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഭാഗമായുള്ള ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാന്‍ നിയമപരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ. ഇതിനായുള്ള കരട് നിയമത്തിന് കമ്മീഷന്‍ രൂപം നല്‍കി. അന്ധവിശ്വാസത്തിന്റെ പേരില്‍ മനുഷ്യ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നിര്‍ദ്ദേശം. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50000 രൂപ പിഴയും ശിക്ഷ നല്‍കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.

അമാനുഷികശക്തികള്‍ അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത വിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മീഷന്‍ പറഞ്ഞു. മനുഷ്യ ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നൊഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് കമ്മീഷന്‍ കരട് നിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദം, ചികിത്സാനിഷേധം, എന്നിവയില്‍ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.