സിഒടി നസീര്‍ വധശ്രമ കേസ്; എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

single-img
7 July 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം വിമതനായി വടകരയിൽ മത്സരിച്ച സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി. കാസർകോട് ജില്ലയിലേക്കാണ് മാറ്റം തലശേരിയിൽ നിന്നും സിഐ വി കെ വിശ്വംഭരന്‍ ഇന്ന് ചുമതലയൊഴിഞ്ഞു. പകരം പുതിയ സിഐ ചുമതലയേറ്റു.

സിഐയ്ക്ക് പുറമെ എസ്ഐ ഹരീഷിനും ഉടനെ മാറ്റമുണ്ടാകും എന്നാണ് സൂചന. കേസ് അന്വേഷണം നിർണ്ണായകമായ ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. കഴിഞ്ഞ തവണ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോൾ, കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നു.

അതേപോലെ നസീർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്. മുൻപ് വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും മാറ്റിയ ഉത്തരവാണ് വിവാദമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലംമാറി തലശ്ശേരിയിൽ എത്തിയതെങ്കിലും ഇത്രയും പ്രമാദമായ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിർപ്പുമുയർത്തിയിരുന്നു.

പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ പ്രതിഷേധത്തെ തുടർന്ന് ഈ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുൻപുള്ള സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനിൽക്കുന്നതിനാൽ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. ഇതുവരെ നസീറിനെ ആക്രമിക്കാൻ എംഎൽഎയുടെ സഹായിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ അന്വേഷണ സംഘം മാറുന്നതോടെ കേസിൽ അന്വേഷണം വഴിമുട്ടുമെന്നതാണ് ആശങ്ക. കേസിൽ ഇതുവരെ കുറ്റപത്രവും തയ്യാറായിട്ടില്ല.