ലോകകപ്പിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ കാശ്മീര്‍’ ബാനറുമായി ആകാശത്ത് വിമാനം; താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുമായി ബിസിസിഐ

single-img
7 July 2019

ലോകകപ്പിലെ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ കാശ്മീര്‍’ എന്ന ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ഐസിസിക്ക് ബിസിസിഐയുടെ പരാതി. ഗ്രൌണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച ബിസിസിഐ, ഇക്കാര്യത്തിലുണ്ടായ അതൃപ്തിയും കത്തില്‍ വ്യക്തമാക്കി. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു.

‘വീണ്ടും ഇത് സംഭവത്തില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്. ഐസിസിയുടെ പുരുഷ ലോകകപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇതുപോലുള്ള പ്രതിഷേധങ്ങള്‍ തടയാന്‍ ലോകകപ്പിലുടനീളം ഞങ്ങള്‍ പ്രാദേശിക പോലീസ് സേനയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ് ഉണ്ടായ സംഭവത്തിനുശേഷം ഞങ്ങള്‍ വെസ്റ്റ് യോര്‍ക്ക്ഷെയര്‍ പോലീസില്‍ നിന്നും ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവാങ്ങിയിരുന്നു. പക്ഷെ വീണ്ടും ഇത് സംഭവിച്ചതില്‍ അങ്ങേയറ്റത്തെ നിരാശയുണ്ട്.’ ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ടൂര്‍ണമെന്റിന് മുന്‍പ് തന്നെ എല്ലാ വേദികള്‍ക്കു മുകളിലും കൊമേഴ്സ്യല്‍ അല്ലാത്ത ഒരു വിമാനവും അനുവദിക്കരുതെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഗ്രൗണ്ടിനു മുകളില്‍ ഇത്തരമൊരു വിമാനം കണ്ടത്. മത്സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് ഇത്തരമൊരു വിമാനം പ്രത്യക്ഷപ്പെട്ടത്. ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല.