സ്വർണവ്യാപാരിയെ ആക്രമിച്ചു ഒന്നര കിലോ സ്വർണം തട്ടിയെടുത്ത തൃശൂർ സംഘത്തെ പൊലീസ് പിടികൂടി • ഇ വാർത്ത | evartha
Crime

സ്വർണവ്യാപാരിയെ ആക്രമിച്ചു ഒന്നര കിലോ സ്വർണം തട്ടിയെടുത്ത തൃശൂർ സംഘത്തെ പൊലീസ് പിടികൂടി

തിരുവനന്തപുരം ∙ സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്ത തൃശൂർ സംഘത്തെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4.20ന് ശ്രീവരാഹത്തിന് സമീപം ജൂവലറി ഉടമയും സ്വർണ വ്യാപാരിയുമായ ബിജുവിനെ ആക്രമിച്ച് സ്വർണം കവർന്ന സംഘമാണ് പിടിയിലായത്. തൃശൂർ സ്വദേശികളായ കടങ്ങോട്, കടങ്ങോട് വീട്ടിൽ അനിൽകുമാർ (42), ഒല്ലൂക്കര മണ്ണൂത്തി മംഗലശ്ശേരി വീട്ടിൽ റിയാസ് (36), വെള്ളിയാലിക്കൽ കണിമംഗലം തോട്ടുങ്കൽ വീട്ടിൽ നവീൻ (29‌), ആലപ്പറ കണ്ണറ പയ്യംകൂട്ടിൽ സതീഷ് (40), പേരാമംഗലം ആലം പാണ്ടിയത്ത് വീട്ടിൽ മനു എന്ന സനോജ് (21) എന്നിവരാണ് പിടിയിലായത്. ഫോർട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

തൃശൂരിൽനിന്നും കച്ചവടത്തിനായി ബിജു കൊണ്ടു വന്ന സ്വർണമാണ് സംഘം കവർന്നത്. രാവിലെ തമ്പാനൂരിൽ ട്രെയിൻ ഇറങ്ങി സ്വന്തം കാറിൽ വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണവും കവർച്ചയും നടന്നത്. പിടിയിലായവർ തൃശൂരിലുള്ള കവർച്ചസംഘമാണെന്നു പൊലീസ് അറിയിച്ചു. പ്രത്യേക ഷാഡോ സംഘം രഹസ്യമായി നടത്തിയ നീക്കമാണ് പ്രതികളെ വലയിലാക്കിയത്. വർഷങ്ങളായി ബിജുവിന്റെ ജീവനക്കാരനായിരുന്ന അനിൽകുമാർ നൽകിയ വിവരമനുസരിച്ചാണ് തൃശൂർ സംഘം പദ്ധതി ആസൂത്രണം ചെയ്തത്. തൃശൂർ റെയിൽവേ സ്റ്റേഷൻ മുതൽ ബിജുവിനെ രണ്ടു കാറുകളിലായി സംഘം പിന്തുടർന്നു തലസ്ഥാനത്ത് എത്തി. അനിൽകുമാർ നൽകിയ വിവരമനുസരിച്ച് തമ്പാനൂർ പാർക്കിങ് ഗ്രൗണ്ടിൽ ബിജു കാർ എടുക്കാൻ വരുമ്പോൾ ആക്രമിച്ച് സ്വർണം കവരാനായിരുന്നു പദ്ധതി.

എന്നാൽ ആ സമയത്ത് പാർക്കിങ് ഗ്രൗണ്ടിലെ തിരക്കുമൂലം പദ്ധതി മാറ്റി. തമ്പാനൂരിൽനിന്നും ബിജു കാറുമായി വീട്ടിലേക്ക് പോകവെ സംഘം കാറുകളിൽ പിന്തുടർന്നു. ശ്രീവരാഹത്തിന് സമീപം വാഹനം തടഞ്ഞ് ചില്ലുകൾ ജാക്കി ലിവർ ഉപയോഗിച്ച് തകർത്തു. വാഹനത്തിലേക്ക് കയറിയ സംഘം മുളകുപൊടി ബിജുവിന് നേർക്ക് എറിഞ്ഞു. പിന്നാലെ സ്വർണമടങ്ങിയ ബാഗുമായി മടങ്ങി. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം മനസിലാക്കി പൊലീസ് പിടികൂടുമെന്നു തിരിച്ചറിഞ്ഞ് കാർ നിംസ് ആശുപത്രിയിൽ ഉപേക്ഷിച്ചു. ഇതിന് പിന്നാലെ പല സംഘങ്ങളായി പിരിഞ്ഞ് തൃശൂരിലേക്ക് കടന്നു. ബിജുവിൽ നിന്ന് കിട്ടിയ വിവരങ്ങളും നഗരത്തിലെ സിസിടിവി ദ്യശ്യങ്ങളുമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.

തൃശൂർ സ്വദേശികളാണെന്നു തിരിച്ചറിഞ്ഞതോടെ ഷാഡോ സംഘം ഇവിടെ എത്തി ദിവസങ്ങൾ തമ്പടിച്ചാണ് പ്രതികളെ പിടികൂടിയത്. കവർച്ചസംഘത്തിലെ അവശേഷിക്കുന്നവരും ഉടൻ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി ദിനേന്ദ്ര കശ്യപ്, അഡിഷനല്‍ കമ്മിഷണര്‍ സജ്ഞയ് കുമാര്‍ ഗുരുദിന്‍, ഡിസിപി ആര്‍.ആദിത്യ, ഫോര്‍ട്ട് എസി പ്രതാപന്‍ നായര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസി പ്രമോദ് കുമാര്‍, കണ്‍ട്രോള്‍ റൂം എസി ശിവസുതന്‍ പിള്ള, ഫോര്‍ട്ട് സിഎ മനോജ്.ടി, ഷാഡോ എഎസ്ഐമാരായ യശോധരന്‍, ലഞ്ചു ലാല്‍, അരുണ്‍കുമാര്‍, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.