‘തനിക്ക് ഷുഗറുണ്ടെന്ന്’ വിഎസ്, ‘തന്‍റെ കല്യാണം നടത്തിയത് ഞാനാ, കഴിക്കെടോ’ എന്ന് ഗൗരിയമ്മ; വിഎസ് ആ ലഡു മുഴുവൻ കഴിച്ചു

single-img
6 July 2019

നമ്മളിൽ ആർക്കാണ് പ്രായം കൂടുതലെന്ന് ഗൗരിയമ്മയുടെ കുസൃതിച്ചോദ്യം. അത് ഗൗരിയമ്മയ്ക്ക് തന്നെ എന്ന് വി എസ് അച്യുതാനന്ദന്‍റെ മറുപടി. മലയാളികളുടെ ഗൗരിയമ്മയുടെ ജന്മശതാബ്ദിയാഘോഷത്തിന് മുഖ്യാതിഥിയായെത്തേണ്ടിയിരുന്ന വി എസ്, അന്നേദിവസം വരാൻ കഴിയാതിരുന്നതിന്‍റെ ക്ഷമാപണത്തോടെയാണ് ഇന്ന് എത്തിയത്.

സംസ്ഥാന രാഷ്ട്രീയത്തിലെഇപ്പോൾ ജീവിച്ചിരിപ്പുള്ള രണ്ട് അതികായർ കണ്ടുമുട്ടിയപ്പോൾ, അവിടെ രാഷ്ട്രീയത്തേക്കാൾ കൂടുതൽ നിറഞ്ഞത് സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും വിപ്ലവമധുരം.

കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം പങ്കെടുത്ത് വിപുലമായിത്തന്നെയാണ് ഇത്തവണ ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷിച്ചത്. വളരെക്കാലം ഒരുമിച്ച് പ്രവർത്തിച്ച വി എസ് അന്ന് എത്താതിരുന്നതിൽ പരിഭവിച്ചു, ആദ്യം ഗൗരിയമ്മ. തുടർന്ന് ഏറെ നേരം പഴയ കാലത്തെ ഓർമ പുതുക്കലുകൾ.

പിറന്നാൾ ദിവസം ഉണ്ടാക്കിയ പായസം കൊടുക്കാൻ പറ്റിയില്ലെങ്കിലും ഗൗരിയമ്മ വിഎസ്സിന് മധുരം കരുതിയിരുന്നു. ഒരു പ്ലേറ്റ് ലഡു ആയിരുന്നു അത്. ‘തനിക്ക് ഷുഗറുണ്ടെന്ന്’ വിഎസ്, ‘തന്‍റെ കല്യാണം നടത്തിയത് ഞാനാ, കഴിക്കെടോ’ എന്ന് ഗൗരിയമ്മ; വിഎസ്സ് ആ ലഡു മുഴുവൻ കഴിച്ചു. ഇടയ്ക്ക് പല വേദികളിലും ഒന്നിച്ചെത്തിയിട്ടുണ്ടെങ്കിലും ഒരു പതിറ്റാണ്ടിന് ശേഷമാണ് വി എസ് ഗൗരിയമ്മയെ വീട്ടിലെത്തി കാണുന്നത്.
വിഎസിനായി ഏറെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയാക്കിയില്ലെന്ന ഗൗരിയമ്മയുടെ പരിഭവത്തിന് ചിരിയായിരുന്നു, വി എസിന്‍റെ മറുപടി. ഏറെ നേരം ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലിരുന്ന് സംസാരിച്ച ശേഷമാണ് വി എസ് മടങ്ങിയത്. മകൻ വി എ അരുൺ കുമാറും വിഎസിനൊപ്പമുണ്ടായിരുന്നു.