ശുഭരാത്രി; പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട നന്മ ചിത്രം

single-img
6 July 2019


വ്യാസന്‍ കെ.പി രചനയും സംവിധാനവും ചെയ്ത ദിലീപ് ചിത്രം ശുഭരാത്രിക്ക് മികച്ച പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇന്ന് നാം ജീവിക്കുന്ന കേരളത്തിന്റെ സാമൂഹികസാഹചര്യത്തില്‍ പ്രസക്തമായ ഒരു ഓര്‍മപ്പെടുത്തല്‍ നല്‍കി കുടുംബപ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ചിത്രമാണിതെന്നാണ് തിയേറ്റര്‍ വിടുന്ന പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് നടന്ന, മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹജ്ജിന് പോകാനൊരുങ്ങുന്ന മുഹമ്മദ് (സിദ്ദിഖ്) തന്റെ നാട്ടുകാരെയും പഴയ സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരെയുമെല്ലാം കാണുന്നതും ഹജ്ജിനൊരുങ്ങുന്നതിന് മുമ്പായി ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുകയും ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. നാനാജാതി മതസ്ഥരടങ്ങുന്ന വലിയൊരു സൗഹൃദവലയത്തിന് ഉടമയായ മുഹമ്മദ് ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി ഉന്നതങ്ങളിലെത്തിയ കഥയും സിനിമ അനാവരണം ചെയ്യുന്നു. ഹജ്ജിന് പോകാന്‍ ഒരുങ്ങിയിരുന്ന അയാളുടെ ജീവിതത്തിലേക്ക് തികച്ചും അപരിചിതനായ ഒരാള്‍ കടന്നുവരുന്നതോടെ കാര്യങ്ങള്‍ ആകെ മാറിമാറിയുന്നു.

ദിലീപ് എത്തുന്നത് ചിത്രത്തിന്റെ രണ്ടാം പകുതി മുതലാണ്. താന്‍ സ്‌നേഹിച്ച പെണ്ണിനെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുവന്ന് ഒരുമിച്ച് കഴിയുകയാണ് കൃഷ്ണന്‍ എന്ന ദിലീപിന്റെ കഥാപാത്രം. അനു സിത്താരയാണ് ദിലീപിന്റെ ഭാര്യയായ ശ്രീജയായി അഭിനയിക്കുന്നത്. ഇവര്‍ക്കൊരു മകളുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് ദിലീപിന് സ്റ്റേഷനിലെത്തേണ്ടി വരുകയാണ്. പക്ഷേ അതോടെ അയാളുടെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം സംഭവിക്കുകയാണ്.

അതിനു പരിഹാരമാകുന്നത് തന്റെ വീട്ടില്‍ കയറിയ കള്ളന്റെ പിറകെ നടന്നിരുന്ന മുഹമ്മദിന്റെ തക്കസമയത്തെ ഒരു ഇടപെടലോടെയാണ്. ജീവിതത്തിലെ ബാധ്യതകളെല്ലാം തീര്‍ത്ത് ഹജ്ജിന് പോകാന്‍ നേരം താന്‍ കൊടുക്കേണ്ട സക്കാത്ത് കൊടുത്തിട്ടില്ലെന്ന് മനസ്സിലാക്കാന്‍ പടച്ചോന്‍ മുമ്പില്‍ കൊണ്ടുവന്ന് നിര്‍ത്തിയ ആളാണ് കൃഷ്ണന്‍ എന്ന് മുഹമ്മദ് കണ്ടെത്തുകയാണ്. ‘നമ്മുടെയൊക്കെ ജീവിതം പടച്ചോന്റെ സക്കാത്തല്ലേ’ എന്നു ചോദിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

പതിവ് കോമഡി റോളുകളില്‍ നിന്നുള്ള മാറിനില്‍ക്കുന്ന കഥാപാത്രമാണ് ദിലീപിന്റെ കൃഷ്ണന്‍. കഥാവശേഷന്‍ പോലെ എണ്ണംപറഞ്ഞ സിനിമകളില്‍ ദിലീപ് ചെയ്ത സീരിയസ് വേഷങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന കഥാപാത്രമാണ് കൃഷ്ണനും. തന്റെ അഭിനയമികവിലൂടെ കൃഷ്ണനെ ദിലീപ് ഭദ്രമാക്കുന്നു. അനു സിതാരയും തന്റെ കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ട്. മുഹമ്മദ് എന്ന ഗൃഹനാഥനായി സിദ്ദിഖ് അഭ്രപാളിയില്‍ ജീവിക്കുന്നു.

‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ.പി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണിത്. നെടുമുടി വേണു, സൂരാജ് വെഞ്ഞാറമൂട്, നാദിര്‍ഷ, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, പ്രശാന്ത്, കെ.പി.എ.സി ലളിത, ജയന്‍ ചേര്‍ത്തല, ആശാ ശരത്ത്, ഷീലു ഏബ്രഹാം, തെസ്നി ഖാന്‍, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, അജു വര്‍ഗ്ഗീസ്, അശോകന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അരോമമോഹന്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രം അബാം മൂവിസാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. വൈപ്പിന്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷനിലെ പത്തോളം കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിര്‍മ്മാണം അബ്രഹാം മാത്യു, ഛായാഗ്രഹണം ആല്‍ബി, എഡിറ്റിംഗ് ഹര്‍ഷന്‍, ഗാനരചന ഹരിനാരായണന്‍, സംഗീതം ബിജിബാല്‍, പ്രൊഡ. കണ്‍ട്രോളേഴ്‌സ്- സുരേഷ് മിത്രകരി, രാജു അരോമ എന്നിവരാണ്.