സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; അരലക്ഷം രൂപയുടെ വര്‍ദ്ധനവ്; പോരെന്ന് മാനേജ്മെന്‍റുകള്‍

single-img
6 July 2019

കേരളത്തിലെ 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയ്ക്കുള്ള ഫീസ് നിശ്ചയിച്ചു. സംസ്ഥാന പ്രവേശന മേൽനോട്ട സമിതി ഇത് സംബന്ധിച്ച ഉത്തരവിറക്കി. വിദ്യാര്‍ത്ഥികളില്‍ നിന്നും 5.85 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപ വരെയാണ് ഫീസ് ഈടാക്കുക. പുതിയ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷത്തേതിൽ നിന്നും അര ലക്ഷത്തിന്‍റെ വർധനവാണ് ഓരോ കോളേജിന്‍റെയും ഫീസിൽ ഉണ്ടായത്.

പുതിയ ഫീസ്‌ ഘടന പ്രകാരമാകും ഈ വർഷത്തെ മെഡിക്കൽ പ്രവേശനം നടക്കുക. കേരളത്തില്‍ ഈ മാസം 8 മുതൽ 12 വരെയാണ് മെഡിക്കൽ അലോട്ട്മെന്റ് നടക്കുക. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. പക്ഷെ ഈ ഫീസ് വർധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‍മെന്‍റുകളുടെ നിലപാട്. 85% സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‍മെന്‍റ് അസോസിയേഷനുകളുടെ ആവശ്യം. 15% എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി നിശ്ചയിക്കണം.

തങ്ങള്‍ ആവശ്യപ്പെട്ട ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‍മെന്‍റുകളുടെ വാഗ്ദാനം. സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാനേജ്‍മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി.