ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ടു പൊലീസുകാര്‍ ഒളിവില്‍; കൂടുതല്‍ പോലീസുകാരുടെ അറസ്റ്റിന് സാധ്യത: മുന്‍ എസ്പി വിളിച്ചത് ഗണ്‍മാന്റെ ഫോണില്‍നിന്ന്

single-img
6 July 2019


ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ടു പൊലീസുകാര്‍ ഒളിവില്‍. ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരെക്കുറിച്ച് വിവരമില്ല. മറ്റു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്.

കേസില്‍ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന.

ഈ രണ്ട് പ്രതികളാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത്. ഇതിനാല്‍ അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം.

ജൂണ്‍ 12 മുതല്‍ 16വരെ നെടുങ്കണ്ടം സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരുടെയും വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം രാജ്കുമാറിന്റെ കസ്റ്റഡിമരണത്തെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടക്കില്ല. പകരം നിയമിക്കാന്‍ പോലീസുകാര്‍ ഇടുക്കി എ.ആര്‍. ക്യാമ്പില്‍ ഇല്ലാത്തതാണ് കാരണം.

മുഴുവന്‍പേരെയും മാറ്റിയാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം താറുമാറാകുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. ഉടുമ്പന്‍ചോല, കമ്പംമെട്ട്, കട്ടപ്പന സ്റ്റേഷനുകളില്‍നിന്ന് അഞ്ചുപോലീസുകാരെ നെടുങ്കണ്ടത്തേക്കുമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.

കമ്പംമെട്ടില്‍നിന്ന് എ.എസ്.ഐ. പി.ജെ. ചാക്കോ, സി.പി.ഒ. എന്‍. ജയന്‍, ഉടുമ്പന്‍ചോലയില്‍നിന്ന് എസ്.സി.പി.ഒ. അബ്ദുള്‍ റസാഖ്, കട്ടപ്പനയില്‍നിന്ന് സി.പി.ഒ.മാരായ സുനില്‍ മാത്യു, അനില്‍ കൃഷ്ണന്‍ എന്നിവരെയാണ് മാറ്റിയിരിക്കുന്നത്. അടിമാലി സ്റ്റേഷനില്‍നിന്ന് എസ്.സി.പി.ഒ. പി.പി. ഷാജി, രാജാക്കാട് സ്റ്റേഷനില്‍നിന്ന് ബിനു ആന്‍ഡ്രൂസ് എന്നിവരെ മൂന്നാര്‍ സ്റ്റേഷനിലേക്കു മാറ്റിയിട്ടുണ്ട്.

നെടുങ്കണ്ടം സ്റ്റേഷനിലെ സസ്‌പെന്‍ഷനിലുള്ള ഏഴു പോലീസുകാരെയും മൂന്നാര്‍ സ്റ്റേഷനിലെ മൂന്നു പോലീസുകാരെയും ജില്ലാ പോലീസ് ആസ്ഥാനത്തേക്കുമാറ്റി. ജൂണ്‍ 25-ന് നെടുങ്കണ്ടം എസ്.ഐ. കെ.എ. സാബു, എ.എസ്.ഐ. സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജീവ് ആന്റണി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

26-ന് എ.എസ്.ഐ. സ്റ്റേഷന്‍ റൈറ്റര്‍ റോയി പി. വര്‍ഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് വര്‍ഗീസ്, ബിജു ലൂക്കോസ് എന്നിവരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ. റെജി എം. കുന്നിപ്പറമ്ബനെയും നാല് സി.പി.ഒ.മാരെയും സ്ഥലംമാറ്റിയിരുന്നു. ഇവര്‍ക്കുപകരം മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് സി.ഐ. സി. ജയകുമാറും കട്ടപ്പനയില്‍നിന്ന് എസ്.ഐ. എസ്. കിരണും നെടുങ്കണ്ടത്തെത്തിയിട്ടുണ്ട്.

അതേസമയം, ഉരുട്ടിക്കൊലക്കേസില്‍ അന്വേഷണം വരുമ്പോള്‍ കുടുങ്ങാതിരിക്കാന്‍ മുന്‍ എസ്പി തയാറെടുത്തിരുന്നതായും വിവരം. ഗണ്‍മാന്റെ ഫോണില്‍നിന്നാണ് പ്രതികളുമായി ബന്ധപ്പെട്ടത്. കുമാറിനെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ചതും ഈ ഫോണിലൂടെയാണ്. എസ്‌ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാല്‍ തുടര്‍ച്ചയായി വിളിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന വിവരം പുറത്തുവന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്തിയില്ല എന്ന് മാത്രമല്ല ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കുമയച്ചില്ല. കസ്റ്റഡിമര്‍ദനത്തിന് ജയില്‍ ഉദ്യോഗസ്ഥരോ നാട്ടുകാരോ പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അതിക്രമക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘം വേണം പോസ്റ്റുമോര്‍ട്ടം നടത്താനെന്ന നിര്‍ദേശവും അട്ടിമറിച്ചു.