എന്നെ എല്ലാവരും വിളിച്ചിട്ടുണ്ട്; ആരോപണത്തിന് മറുപടിയുമായി ഇന്ദ്രന്‍സ്

single-img
6 July 2019

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനെ സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ദ്രന്‍സ്. എല്ലാവരും വിളിക്കുകയും കാണുമ്പോള്‍ സ്നേഹം പങ്കിടുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി. കേരളകൗമുദിയോടായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

‘എന്നെ എല്ലാവരും വിളിക്കുകയും, കാണുകയും, കാണുമ്പോള്‍ സ്നേഹം പങ്കിടുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ആരും പറയാതിരിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. എന്റെ ഫോണ്‍ ഇവിടെയുണ്ട്. വീട്ടുകാര്‍ക്ക് എടുക്കാന്‍ പറ്റിയ ഫോണ്‍ കോളൊക്കെ എടുക്കുകയും ചെയ്തിട്ടുണ്ട്’- ഇന്ദ്രന്‍സ് പറയുന്നു.

സൂപ്പര്‍ സ്റ്റാറുകളുമായി നല്ല ബന്ധമാണെന്നും എല്ലാവര്‍ക്കു തന്നോട് സ്‌നേഹമാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ‘അങ്ങനെ ആരോടും അധികം അടുപ്പമില്ല. ചുറ്റുവട്ടത്തുള്ള നടന്മാര്‍ ഉണ്ടെങ്കില്‍ പരസ്പരം കാണും എന്നല്ലാതെ, സെറ്റില്‍ ചെല്ലുമ്പോള്‍ എല്ലാരോടും നല്ല സ്‌നേഹമാണ്. അവര്‍ക്കും എന്നോട് നല്ല സ്‌നേഹമാണ്’- ഇന്ദ്രന്‍സ് പറയുന്നു.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമായ വെയില്‍മരങ്ങള്‍ക്കാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്. ഷാങ്ഹായ് മേളയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് പുരസ്‌കാരം ലഭിക്കുന്നത്.